അടൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ മണക്കാല ചിറ്റാണിമുക്ക് കൃഷ്ണാലയം വീട്ടിൽ അരുൺ കൃഷ്ണ (29)നെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. അടൂർ ചൂരക്കോട് പള്ളിമുക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയംവെച്ച് അരുൺ കൃഷ്ണ പണം തട്ടിയത്.

ജനുവരി ആദ്യ ആഴ്ചയാണ് ഇയാൾ ആദ്യമായി മുക്കുപണ്ടം പണയംവെക്കുന്നതും പണം കൈപ്പറ്റുന്നതും. അടുത്ത ദിവസം ഇയാൾ വീണ്ടും സ്വർണവുമായി പണയം വെയ്ക്കാനെത്തി. പിന്നെയും പണയംവെക്കാൻ എത്തിയപ്പോൾ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് ഉരച്ചുനോക്കിയതിൽ മുക്കുപണ്ടമാണെന്ന് മനസ്സിലായി.

ഈ വിവരം അരുണിനോട് പറഞ്ഞപ്പോൾ അബദ്ധം പറ്റിയതാണെന്നും, സ്വർണമാണെന്ന് കരുതിയാണ് കൊണ്ടുവന്നതെന്നും പറഞ്ഞ് കടന്നുകളഞ്ഞു. ഇതോടെ നേരത്തേ അരുൺ പണയംവെച്ച ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് അതും മുക്കുപണ്ടമാണെന്ന് മനസ്സിലായത്.

തുടർന്ന് അടൂർ പൊലീസിൽ സ്ഥാപന അധികൃതർ പരാതിനൽകി. അടൂർ എസ്.എച്ച്.ഒ. ആർ.രാജീവ്, എസ്‌ഐ. എം.പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, ശ്യാംകുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.