- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ; രണ്ട് അദ്ധ്യാപകർക്കെതിരെ കേസ്
ആലപ്പുഴ: കാട്ടൂരിലെ സ്വകാര്യ സ്‌കൂളിലെ ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് അദ്ധ്യാപകർക്ക് എതിരെ കേസെടുത്തു. കായികാധ്യാപകൻ ക്രിസ്തുദാസ്, രമ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് കുട്ടിയെ തല്ലിയതിനുമാണ് ഇരുവർക്കുമെതിരെ കേസ്. കുട്ടിയെ ഈ അദ്ധ്യാപകനും അദ്ധ്യാപികയും ചേർന്ന് മാനസികമായി പീഡിപ്പിച്ചതായി കുട്ടിയുടെ കുടുംബം ആരോപിക്കുന്നു.
ഫെബ്രുവരി 15നാണു ആലപ്പുഴ കാട്ടൂരിലെ സ്വകാര്യ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പ്രജിത്ത് സ്‌കൂളിൽനിന്നെത്തിയതിനു പിന്നാലെ ആത്മഹത്യ ചെയ്തത്. സ്‌കൂളിൽ വച്ചു സഹപാഠിക്ക് തലകറക്കം ഉണ്ടായപ്പോൾ വെള്ളം കുടിക്കാൻ പൈപ്പിനു സമീപത്തേക്കു പ്രജിത്ത് ഒപ്പം പോയിരുന്നെന്നും ഈ സമയത്ത് ക്ലാസിലെത്തിയ അദ്ധ്യാപകൻ വിദ്യാർത്ഥികളെ കാണാനില്ലെന്നു മൈക്കിലൂടെ അറിയിച്ചെന്നും കുട്ടിയുടെ പിതാവിന്റെ പരാതിയിൽ പറയുന്നു.
ഇതുകേട്ട് ഇരുവരും ക്ലാസിലേക്ക് ഓടിയെത്തിയപ്പോൾ അദ്ധ്യാപകൻ പ്രജിത്തിനെ ചൂരൽ ഉപയോഗിച്ച് തല്ലുകയും ശരീരപരിശോധന നടത്തുകയും ചെയ്തു. കണ്ണിൽ സൂക്ഷിച്ച് നോക്കി 'നീയൊക്കെ കഞ്ചാവാണല്ലേ എന്നു ചോദിച്ചു. മറ്റൊരു അദ്ധ്യാപികയും വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്‌കൂൾ വിട്ടപ്പോഴും ഇതേ അദ്ധ്യാപകനും അദ്ധ്യാപികയും ചേർന്ന് കുട്ടിയെ അപമാനിച്ചെന്നും മറ്റു വിദ്യാർത്ഥികൾ കാൺകെ അദ്ധ്യാപകൻ മർദിച്ചെന്നും പിതാവിന്റെ പരാതിയിലുണ്ട്.
സഹപാഠികളാണ് ഈ കാര്യങ്ങൾ പറഞ്ഞതെന്നും സ്‌കൂളിൽ നിന്ന് മടങ്ങുമ്പോൾ ബസ് സ്റ്റോപ്പിൽ അദ്ധ്യാപകർ ആരെങ്കിലും ഉണ്ടോയെന്നു പ്രജിത്ത് പേടിയോടെ ചോദിച്ചെന്ന് ഒരു സഹപാഠി തന്നോടു പറഞ്ഞെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു.