- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ ആരാധന നടത്താൻ ഹിന്ദുവിഭാഗത്തിന് അനുമതി നൽകിയ വാരാണസി ജില്ലാക്കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചു; കാശി ക്ഷേത്രത്തിന് അടുത്തുള്ള മസ്ജിദിൽ പൂജ തുടരും
വാരാണസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ നിലവറയിൽ ആരാധന നടത്താൻ ഹിന്ദുവിഭാഗത്തിന് അനുമതി നൽകിയ വാരാണസി ജില്ലാക്കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചു. ഇതോടെ ഉത്തർപ്രദേശിലെ കാശി വിശ്വനാഥക്ഷേത്രത്തോടു ചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ പ്രാർത്ഥന തുടരാം.
പൂജ അനുവദിച്ചതിനെ ചോദ്യംചെയ്തുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു. ജസ്റ്റിസ് രോഹിത് രജ്ജൻ അഗർവാളിന്റെ ബെഞ്ചാണ് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി തള്ളിയത്. മസ്ജിദിലെ സോമനാഥ് വ്യാസ് നിലവറയിൽ നടത്തുന്ന പൂജ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാർ പാഠക് വ്യാസ് നൽകിയ ഹർജിയിലാണ് മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി ജനുവരി അവസാനത്തോടെ അനുമതി നൽകിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.
1993 വരെ നിലവറകളിൽ പൂജ നടത്തിയിരുന്നു എന്ന ഹൈന്ദവ വിഭാഗങ്ങളുടെ വാദം വാരണാസി ജില്ലാ കോടതി അംഗീകരിച്ചിരുന്നു. എന്നാൽ, നിലവറ ഉൾപ്പടെ മസ്ജിദിന്റെ എല്ലാ ഭാഗങ്ങളും തങ്ങളുടെ അവകാശത്തിൽപ്പെട്ടതാണെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. കഴിഞ്ഞ 30 വർഷമായി പൂജ നടക്കാത്ത സ്ഥലത്ത് പൂജ നടത്താൻ അനുമതി നൽകരുതെന്നും മസ്ജിദ് കമ്മിറ്റി അലഹബാദ് ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ഇത് കോടതികളിൽ അംഗീകരിക്കപ്പെട്ടില്ല.