തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നതടക്കം റെയിൽവേയിലെ വികസന പദ്ധതികൾ ഉൾപ്പെട്ട നരേന്ദ്ര മോദി സർക്കാർ നയം രാജ്യത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്കുള്ള ആദരമെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ. വർക്കല ജനതാമുക്കിൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചത്.

കേരളത്തിന്റെ റെയിൽവെ വികസനത്തിൽ സമാനതകളില്ലാത്ത ഇടപെടലാണ് നരേന്ദ്ര മോദി സർക്കാർ നടത്തുന്നതെന്ന് വി.മുരളീധരൻ പറഞ്ഞു. രണ്ട് വന്ദേഭാരതുകൾ സംസ്ഥാനത്തിന് അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് സ്റ്റേഷനുകൾ അമൃത് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി. റെയിൽവേ ഗേറ്റുകൾ കാരണമുള്ള ഗതാഗത തടസം നീക്കാൻ മേൽപ്പാലങ്ങൾ അനുവദിച്ചു. രാജ്യത്തിന്റെ ഗതിവേഗം കൂട്ടുന്നതിലും അടിസ്ഥാനസൗകര്യവികസനത്തിലും സ്വാതന്ത്ര്യാനന്തര ഭാരതം കണ്ട ഏറ്റവും വലിയ കുതിപ്പിനാണ് കഴിഞ്ഞ പത്തുവർഷം രാജ്യം സാക്ഷ്യം വഹിച്ചതെന്നും വി.മുരളീധരൻ പറഞ്ഞു.