ന്യൂഡൽഹി: വയനാട് തനിക്ക് സുപരിചിതമായ സ്ഥലമാണെന്നും താൻ രാഷ്ട്രീയം പഠിച്ചത് വയനാട്ടിൽ നിന്നാണെന്നും ഇടതുമുന്നണി സ്ഥാനാർത്ഥി ആനി രാജ. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റും. വയനാട്ടിൽ മൽസരിക്കുന്നത് ജയിക്കാൻ വേണ്ടിയാണെന്നും ആനി രാജ പറഞ്ഞു. വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെന്നും ആനി രാജ പ്രതികരിച്ചു.

ഒന്നാം തീയതി വയനാട്ടിൽ എത്തും. ജനപ്രതിനിധി എന്ന നിലയിൽ എപ്പോഴും വയനാട്ടിൽ ഉണ്ടാകും എന്നതാണ് സ്ഥാനാർത്ഥി എന്ന നിലയിൽ നൽകുന്ന ഉറപ്പെന്നും ആനി രാജ പറഞ്ഞു. അതേസമയം, ലോക്‌സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. കേരളത്തിൽ മത്സരിക്കുന്ന നാല് സീറ്റിലെയും സ്ഥാനാർത്ഥികളെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് പ്രഖ്യാപിച്ചത്.

പുറത്തുവന്ന വാർത്തകളെല്ലാം ശരിവയ്ക്കുന്നതായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനം. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ, മാവേലിക്കര സിഎ അരുൺ കുമാർ, തൃശൂരിൽ വി എസ് സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ എന്നവരെ കളത്തിലിറക്കാനാണ് സിപിഐ സംസ്ഥാന കൗൺസിൽ തീരുമാനിച്ചത്.