തൃശൂർ: ബസ് പുഴയിലേക്ക് മറിഞ്ഞ് നിരവധി ആളുകൾ അപകടത്തിൽപ്പെട്ടതായി വ്യാജ സന്ദേശം. തൃശൂർ കേച്ചേരിയിൽ ബസ് പുഴയിലേക്കു മറിഞ്ഞെന്നായിരുന്നു സന്ദേശം. ഇതേത്തുടർന്ന് ആറ് ആംബുലൻസുകൾ ഉടൻ തന്നെ ഇവിടേക്ക് പാഞ്ഞെത്തിയെങ്കിലും സന്ദേശം വ്യാജമായിരുന്നുവെന്ന് മനസ്സിലാക്കി തിരിച്ചുപോവുകയായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് കേച്ചേരി പുഴയിൽ ബസ് മറിഞ്ഞതായി വ്യാജ സന്ദേശം പ്രചരിച്ചത്. വിവരം ലഭിച്ചതിനെ തുടർന്ന് വിവിധ സ്ഥലങ്ങളിൽനിന്ന് ആറ് ആംബുലൻസുകൾ ഇവിടേക്ക് പാഞ്ഞെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് ആംബുലൻസ് ഡ്രൈവർമാർ വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്. ആംബുലൻസ് ഡ്രൈവർമാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ഫോണുകളിലേക്കാണ് വ്യാജ സന്ദേശം എത്തിയത്. വിവരം സത്യമാണെന്ന് ധരിച്ച് നിമിഷങ്ങൾക്കകം കേച്ചേരി പുഴയുടെ സമീപത്തേക്ക് ആറ് ആംബുലൻസുകൾ പാഞ്ഞെത്തുകയും ചെയ്തു.

കുന്നംകുളത്ത് നിന്നുള്ള നന്മ ചാരിറ്റബിൾ ട്രസ്റ്റ്, സ്വകാര്യ ആശുപത്രിയുടെ ആംബുലൻസ്, ഷെയർ ആൻഡ് കെയർ, ഹ്യൂമൺ ലവേഴ്സ്, ട്രാഫിക് തുടങ്ങിയ ആംബുലൻസുകളാണ് സംഭവസ്ഥലത്ത് എത്തിയത്. സ്ഥലത്തെത്തിയപ്പോഴാണ് വ്യാജ സന്ദേശമെന്ന് മനസിലായതെന്ന് ആംബുലൻസ് ഡ്രൈവർമാർ അറിയിച്ചു.