പുൽപ്പള്ളി: വയനാട് മുള്ളൻകൊല്ലി വാടാനക്കവലയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് ഒരു മാസത്തോളമായി പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയെ ഭീതിയിലാഴ്‌ത്തിയ ഡബ്ല്യുഡബ്ല്യുഎൽ-127 എന്ന ആൺ കടുവ. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്.

ഇതേ കടുവ 2020-21 വർഷങ്ങളിൽ കർണാടകയിലെ നാഗർഹോളെ നാഷനൽ പാർക്കിൽനിന്ന് ക്യാമറാ ട്രാപ്പിൽ പതിഞ്ഞിട്ടുള്ളതാണ്. നാഗർഹോളെ 21 എംടികെ 15 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും വനംവകുപ്പ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ അറിയിച്ചു.

എന്നാൽ കടുവയ്ക്കു പരുക്കേറ്റിണ്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കടുവയെ പിടികൂടുന്നതിനായി പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കൂടുകൾ സ്ഥാപിച്ചിരുന്നു. ഈ മാസം ആദ്യം മുതൽ ജനവാസമേഖലയിലിറങ്ങിയ കടുവ നിരവധി വളർത്തുമൃഗങ്ങളെയാണ് കൊന്നുതിന്നത്. ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് കടുവയെ മയക്കുവെടി വച്ച് പിടിക്കാൻ ഉത്തരവിട്ടിരുന്നു.