- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞനന്തൻ പാവം മനുഷ്യൻ ജയിലിൽ കിടന്നു മരിച്ചു
കണ്ണൂർ: ആർ. എംപി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ സി.പി. എം നേതാക്കളെ വേട്ടയാടുകയാണെന്ന് സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വിജയരാജൻ പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമപ്രവർത്തകരോട് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അന്നത്തെ യു.ഡി. എഫ് സർക്കാർ കേസിനെ രാഷ്ട്രീയ പ്രേരിതമായി ഉപയോഗിക്കുകയായിരുന്നു. ടി.പി വധക്കേസിൽ പാർട്ടിക്ക് പങ്കില്ലെന്നു അന്നേ പറഞ്ഞതാണ്. ഹൈക്കോടതി വിധിയിൽ തന്നെ ഈക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാർട്ടി അന്നേ പറഞ്ഞത് ശരിവെച്ചിരിക്കുകയാണ് നീതിന്യായ പീഠവും. ഹൈക്കോടതി വിധിയിൽ ഒരു പാരഗ്രാഫ് കേസ് അന്വേഷണത്തിനായി കള്ളത്തെളിവുണ്ടാക്കിയെന്നാണ്. അന്വേഷണം മെറിറ്റിന്റെ അടിസ്ഥാനത്തിൽ നടത്തുന്നതിന് പകരം ചിലരെ പ്രതികളായി ബോധപൂർവ്വം അന്വേഷണ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർക്കുകയായിരുന്നുവെന്നു എം.വി ജയരാജൻ ചൂണ്ടിക്കാട്ടി.
പൂക്കടയിൽ നടന്നുവെന്ന വധഗൂഢാലോചന കുറ്റം ചുമത്തി കള്ളക്കേസ് ചുമത്തിയതിനെ കുറിച്ചു അന്വേഷിക്കണമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. മോഹനൻ മാഷെയും കെ.കെ കൃഷ്ണനെയും രാമചന്ദ്രനെയുമൊക്കെ പ്രതി ചേർത്തത് ഈ സാക്ഷി മൊഴിയിലാണ്. എന്നാൽ മോഹനൻ മാഷെ ഈകേസിൽ നിരപരാധിയാണെന്നു കണ്ടു കോടതി വെറുതെ വിട്ടപ്പോൾ തന്നെ ഈ കുറ്റം പൊളിഞ്ഞു. പി.കെ കുഞ്ഞനന്തൻ ജയിലിൽവച്ചാണ് മരിച്ചത്. യു.ഡി. എഫ് സർക്കാർ മതിയായ ചികിത്സ നൽകാത്തതാണ് ആ പാവം മനുഷ്യൻ മരിക്കാൻ കാരണമെന്ന് അദ്ദേഹത്തിന്റെ കുടുംബം തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വന്ന ഹൈക്കോടതി വിധിയിലും കുഞ്ഞനന്തന്റെ കുറ്റമെന്തെന്ന് പറഞ്ഞിട്ടില്ല. ആ പാവം മനുഷ്യനെതിരെയുള്ള ഒരു തെളിവുകളും കോടതി വിശ്വസിച്ചിട്ടില്ലെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്.
ടി.പി വധക്കേസ് ഇനിയും യു.ഡി. എഫ് വടകരയിൽ തെരഞ്ഞെടുപ്പ് പ്രചരണമാക്കുന്നത് ജനങ്ങൾ വിശ്വസിക്കില്ല. മറ്റൊന്നും പറയാനില്ലാത്തതു കൊണ്ടാണ് അവർ ടി.പി വധക്കേസിനെ കുറിച്ചു പറയുന്നത്. രാജ്യത്ത് വർഗീയ ശക്തികൾ പിടിമുറുക്കുന്നതിനെ കുറിച്ചോ ജനകീയ വിഷയങ്ങളിലോ അവർ ഒന്നും പറയുന്നില്ല. ടി.പി വധക്കേസ് തെരഞ്ഞെടുപ്പിൽ വീണ്ടും ചർച്ചയാക്കാനാണ് യു. ഡി. എഫും ചില തൽപരകക്ഷികളും ് ശ്രമിക്കുന്നത്. അതു അവരുടെ അധ:പതനത്തിന് വഴിവയ്ക്കുമെന്നും എം.വി ജയരാജൻ പറഞ്ഞു.
കണ്ണൂർ മണ്ഡലത്തിനായി എംപിയെന്ന നിലയ്ക്കു സുധാകരൻ ഒന്നും ചെയ്തിട്ടില്ലെന്നും എം.വിജയരാജൻ കുറ്റപ്പെടുത്തി. പോയന്റ് കോൾ പദവി ലഭിക്കാത്തതാണ് കണ്ണൂർ വിമാനത്താവളത്തിന്റെ യഥാർത്ഥ പ്രശ്നം. ഇതിനായി കേരളസർക്കാർ സമ്മർദ്ദം ചെലുത്തുമ്പോഴും നിഷേധാത്മകമായ വികസന വിരുദ്ധ നയമാണ് സുധാകരൻ സ്വീകരിച്ചത്. കേന്ദ്രം അർഹമായ സാമ്പത്തിക സഹായം കേരളത്തിന് ലഭിക്കാത്തപ്പോഴും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തിയ സമരത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് യു.ഡി. എഫ് എംപിമാർ ചെയ്തത്. ഇവരെ എന്തിനാണ് ഡൽഹിയിലേക്ക് വിട്ടതെന്നു ജനങ്ങൾ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. തനിക്ക് ഇഷ്ടമുള്ളപ്പോൾ ബിജെപിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചയാളാണ് സുധാകരൻ.
കണ്ണൂരിൽ ആർ. എസ് എസ് ശാഖയ്ക്കു താനാണ് സംരക്ഷണം നൽകിയതെന്നു ഗർവോടെ പ്രസംഗിച്ച നേതാവാണ് സുധാകരൻ. തന്റെ ഉറ്റമിത്രവും ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രിക്കെതിരെ മതസരിച്ച സി.രഘുനാഥ് ബിജെപിയിലേക്ക് ചേക്കേറിയതു തന്നെ സുധാകരനും ഭാവിയിൽ ബിജെപിയിലേക്ക് പോകുന്നതിന്റെ തെളിവാണെന്നും ജയരാജൻ ആരോപിച്ചു. 2019-ൽ കോൺഗ്രസ് ജയിച്ച സാഹചര്യം കേരളത്തിലെ ഒരുമണ്ഡലത്തിലും ഇപ്പോഴില്ല. കാസർകോടും കണ്ണൂരും വടകരയും എൽ.ഡി. എഫ് വൻഭൂരിപക്ഷത്തോടെ വിജയിക്കും. ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന മൃദു ഹിന്ദുത്വം പുലർത്തുന്ന പാർട്ടിയാണ് കോൺഗ്രസ്. രാജ്യത്ത് മതനിരപേക്ഷ ശക്തിയാവാൻ കോൺഗ്രസിന് കഴിയില്ലെന്നും കേന്ദ്രഭരണത്തിൽ നിന്നും ബിജെപിയെ പുറത്താക്കാൻ സി.പി. എം ശക്തി പ്രാപിക്കണമെന്ന് ചരിത്രം തെളിയിച്ചതാണെന്നും എം.വി ജയരാജൻ പറഞ്ഞു.