കാസർകോട്: ആന്ധ്രപ്രദേശിൽനിന്ന് കടത്തിക്കൊണ്ടുവന്ന 107 കിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പെർള ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് വാനിൽ കൊണ്ടുവന്ന കഞ്ചാവുമായി കുമ്പള ശാന്തിപ്പള്ളത്തെ ഷഫീർ റഹീം (36), പെർള അമെക്കളയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ഷെരീഫ് (52) എന്നിവരെ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌ക്വാഡ് അറസ്റ്റുചെയ്തത്. രഹസ്യവിവരത്തെത്തുടർന്ന് ഞായറാഴ്ച രാത്രി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അമൽരാജന്റെ നേതൃത്വത്തിലുള്ള സംഘം വാൻ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പൊതികളിലാക്കിയ നിലയിൽ കഞ്ചാവ് കണ്ടെടുത്തത്.

വാനിനകത്ത് പ്രത്യേകം അറയുണ്ടാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വാനിലുണ്ടായിരുന്ന രണ്ടുപേരെയും അറസ്റ്റ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ ജെയിംസ് എബ്രഹാം, കെ.വി.മുരളി, പ്രിവന്റീവ് ഓഫീസർ സാജൻ അപ്യാൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സോനു സെബാസ്റ്റ്യൻ, കെ.ആർ.പ്രജിത്ത്, എ.കെ.നസറുദ്ദീൻ, വി.വി.ഷിജിത്ത്, വി.മഞ്ജുനാഥൻ, എൽ.മോഹൻകുമാർ, കെ.സതീശൻ, മെയ്മോൾ ജോൺ, ഡ്രൈവർ പി.എ.ക്രിസ്റ്റീൻ, സി.എസ്.വിജയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

സമീപകാലത്തെ വലിയ കഞ്ചാവ് വേട്ട
സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. കഞ്ചാവ് കടത്തുന്ന വിവരം എൻഫോഴ്സ്മെന്റ് വിഭാഗത്തിന് നേരത്തേ ലഭിച്ചിരുന്നു. പിടിയിലായ ഇരുവരും നിരീക്ഷണത്തിലുമായിരുന്നു. കാസർകോട്ടെ പല ഭാഗങ്ങളിലും വിതരണം ചെയ്യാൻ എത്തിച്ചതാണ് കഞ്ചാവെന്നാണ് ഇവരുടെ മൊഴി.

രണ്ടുവർഷം മുൻപ് ടൂറിസ്റ്റ് ബസിൽ കടത്തിയ രണ്ട് ക്വിന്റലിലേറെ കഞ്ചാവ് പിടിച്ചിരുന്നു. പ്രധാന പാതകളിൽ പരിശോധന ശക്തമായതിനാൽ ഊടുവഴികളിലൂടെയാണ് കടത്തുന്നത്. വലിയ വാഹനങ്ങൾ ഒഴിവാക്കി, കഞ്ചാവ് കെട്ടുകളാക്കിയാണ് പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണ് വെട്ടിച്ച് അതിർത്തി കടത്തുന്നത്. വിട്ല അതിർത്തി വഴി വരുമ്പോഴാണ് ഊടുവഴികളേറെയുള്ളത്. പെർളയിലാണ് ചെക്പോസ്റ്റ് പ്രവർത്തിക്കുന്നതെങ്കിൽ അതിനെ മറികടന്ന് വരാൻ മൂന്നിലേറെ പാതകളുണ്ട്.