- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറി തള്ളി മാറ്റാൻ ശ്രമിച്ചും കാറും ബൈക്കും തകർത്തു പടയപ്പ
മറയൂർ: മൂന്നാർ-മറയൂർ അന്തസ്സംസ്ഥാന പാതയിൽ അക്രമകാരിയായി പടയപ്പ. ലോറി തള്ളി മാറ്റാൻ ശ്രമിച്ചും കാറും ബൈക്കും തകർത്തും പടയപ്പ ഭീതി പരത്തി. തിങ്കളാഴ്ച വൈകീട്ട് 5.30-നാണ് സംഭവം.
രാവിലെ ലോറി തള്ളിമാറ്റാൻ ശ്രമിച്ച ശേഷം പിൻവലിഞ്ഞെങ്കിലും വൈകിട്ടോടെ തിരിച്ചെത്തിയ പടയപ്പ അക്രമകാരിയായി. നയമക്കാട് മേഖലയിൽ തന്നെയാണ് പടയപ്പയുടെ ആക്രമണം വീണ്ടും ഉണ്ടായത്. മൂന്നാർ സ്വദേശികളായ രണ്ടുപേർ സഞ്ചരിച്ച കാറും രണ്ടു ബൈക്ക് യാത്രികരുമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
തേയിലക്കാട്ടിനുള്ളിൽ മറ്റ് രണ്ട് ആനകൾ നില്ക്കുന്നതുകണ്ട് ഫോട്ടോ എടുക്കാൻ വാഹനം നിർത്തി ഇറങ്ങിയതാണ് യാത്രികർ. അപ്രതീക്ഷിതമായി പടയപ്പ കാറിനടുത്ത് എത്തി കൊമ്പുകൊണ്ട് അമർത്തി. കാറിന്റെ മുകൾവശം തകർന്നു. ബൈക്ക് താഴെയിട്ട് ചവിട്ടുകയുംചെയ്തു. പടയപ്പ വരുന്നതുകണ്ട് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
കുറച്ചുസമയം വാഹനങ്ങൾക്ക് അടുത്തുനിന്ന പടയപ്പ പിന്നീട് തേയിലക്കാട്ടിനുള്ളിലേക്ക് പോയി. നിരവധി വാഹനങ്ങൾ ഈ സമയം കടന്നുപോകാൻ കഴിയാതെ കിടന്നു. നയമക്കാട് എസ്റ്റേറ്റിന് മുകളിൽ എട്ടാം മൈലിന് ഇടയിൽ തിങ്കളാഴ്ച രാവിലെ 8.30-നാണ് പടയപ്പ മറയൂരിലേക്ക് സിമന്റുമായിവന്ന ലോറി തടഞ്ഞത്. പിന്നിലേക്ക് എടുക്കാൻ ശ്രമിച്ചപ്പോൾ പടയപ്പ ലോറി തള്ളിമാറ്റാൻ ശ്രമിച്ചത് ഏറെ ആശങ്ക ഉയർത്തി.
ആന പിന്മാറിയപ്പോൾ ഡ്രൈവർ ലോറി പുറകോട്ടെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എതിർവശത്തുവന്ന ബസിലുള്ളവർ ശബ്ദം ഉണ്ടാക്കിയെങ്കിലും അരമണിക്കൂർ കഴിഞ്ഞാണ് ആന തേയിലത്തോട്ടത്തിലേക്ക് പോയത്.