തിരുവനന്തപുരം: തെരുവുനായ ആക്രമണത്തിന് ഇരയായ 32 പേർക്ക് നഷ്ടപരിഹാരം നൽകാൻ വിധി. തെരുവുനായ കുറുകെ ചാടിയതുകാരണം അപകടത്തിൽപ്പെട്ടയാൾക്ക് 25.69 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവിട്ടു. പഞ്ചായത്താണ് പണം നൽകേണ്ടത്. തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകാൻ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നടപടി.

32 പേർക്ക് 21,000 രൂപ മുതൽ 25.69 ലക്ഷം വരെയാണ് നഷ്ടപരിഹാരം വിധിച്ചിട്ടുള്ളത്. ഇതിൽ നാഗലശ്ശേരി സ്വദേശി നവീൻകുമാറിന് 25,69,285 രൂപയാണ് നൽകേണ്ടത്. പാലക്കാട് നാഗലശ്ശേരി പഞ്ചായത്താണ് തുക നൽകേണ്ടത്. ഇതേ പഞ്ചായത്തിലെ നാലുപേർക്ക് കൂടി നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്നും ഭരണസമിതിയുടെ അംഗീകാരത്തോടെ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി പറഞ്ഞു. നാലു കേസുകളിലായി 27.74 ലക്ഷം രൂപയാണ് പഞ്ചായത്ത് നൽകേണ്ടത്.

തെരുവു നായ്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് ആറ് വർഷം മുമ്പാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി രൂപവത്കൃതമായത്. പരിക്കേൽക്കുന്നവർ കൃത്യമായ വിവരങ്ങളും ചികിത്സാരേഖയും ഉൾപ്പെടെ വെള്ളക്കടലാസിൽ പരാതി തയ്യാറാക്കി സമിതിക്ക് നൽകണം. അഭിഭാഷകന്റെ ആവശ്യമില്ല. സർക്കാർ ആശുപത്രിയിലാണ് ചികിത്സയെങ്കിലും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. ഒരുപ്രാവശ്യം സമിതിക്ക് മുന്നിൽ തെളിവെടുപ്പിന് ഹാജരാകേണ്ടതുണ്ട്.

നഷ്ടപരിഹാരത്തുകയിൽ മാറ്റംവരുത്താൻ സർക്കാരിന് കഴിയില്ല. പക്ഷേ പഞ്ചായത്തുകൾ തുക അനുവദിക്കാൻ കാലതാമസം നേരിടുന്നുണ്ട്. പരിക്കിന്റെ ആഴം, പരിക്കേറ്റവരുടെ പ്രായം, ജോലിനഷ്ടം, അംഗവൈകല്യം, എന്നിവ പരിഗണിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. നായ കുറുകെ ചാടി അപകടത്തിൽപ്പെട്ട് മരിച്ചയാൾക്ക് 32 ലക്ഷം രൂപവരെ സമിതി നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.