- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളം: ഈ വർഷത്തെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി മാർച്ച് 3 ഞായറാഴ്ച നടക്കും. ജില്ലയിൽ അഞ്ചു വയസിനു താഴെയുള്ള 203803 കുട്ടികൾക്കാണ് പൾസ് പോളിയോ ദിനത്തിൽ പോളിയോ തുള്ളി മരുന്ന് നൽകുന്നത്. ജില്ലയിൽ ആകെ 1915 പൾസ് പോളിയോ ബൂത്തുകളാണ് സജ്ജീകരിക്കുന്നത്. സർക്കാർ ആശുപത്രികൾ സ്വകാര്യ ആശുപത്രികൾ, അംഗൻവാടികൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ (സബ് സെന്ററുകൾ) എന്നിവിടങ്ങളിലായി 1787 ബൂത്തുകൾ പ്രവർത്തിക്കും. കൂടാതെ ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബോട്ട് ജെട്ടികൾ, എയർപോർട്ട് തുടങ്ങി ആളുകൾ വന്നു പോയി കൊണ്ടിരിക്കുന്ന 43 കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും പ്രവർത്തിക്കും. ആളുകൾക്ക് വന്നെത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും കുട്ടികൾക്ക് തുള്ളിമരുന്ന് നൽകുന്നതിനായി 83 മൊബൈൽ ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ മേളകൾ നടക്കുന്ന സ്ഥലങ്ങളിൽ രണ്ട് അധിക ബൂത്തുകൾ കൂടി ഒരുക്കിയിട്ടുണ്ട്.
പൾസ് പോളിയോ ദിനമായ മാർച്ച് 3 നു അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികളെയും തൊട്ടടുത്തുള്ള പൾസ് പോളിയോ ബൂത്തിലെത്തിച്ചു ഒരു ഡോസ് തുള്ളി മരുന്ന് നൽകണം. ഏതെങ്കിലും കാരണവശാൽ മാർച്ച് 3 നു തുള്ളി മരുന്ന് നൽകാൻ സാധിക്കാത്തവർക്ക് ആരോഗ്യ പ്രവർത്തകർ അടുത്ത രണ്ടു ദിവസങ്ങളിൽ വീടുകളിലെത്തി വാക്‌സിൻ നൽകും. പൾസ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാർച്ച് 3 ഞായറാഴ്ച രാവിലെ 10.30 നു മുളവുകാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ നിർവഹിക്കും. മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ്. അക്‌ബർ അധ്യക്ഷത വഹിക്കും. ബൂത്തുകളിൽ സേവനമനുഷ്ഠിക്കുന്നതിനായി ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർക്ക് പ്രത്യേക പരിശീലനം നൽകി. പൾസ് പോളിയോ ദിനത്തിന്റെ നടത്തിപ്പ് ഏകോപിപ്പിക്കുവാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വകുപ്പുതല യോഗങ്ങൾ ചേർന്നു.
1995 മുതൽ നടത്തപ്പെടുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഫലമായി 2014 മാർച്ച് 27 നു ഭാരതം പോളിയോ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടുവെങ്കിലും ലോകത്ത് ഇന്നും പോളിയോ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിൽ നമ്മുടെ അയൽരാജ്യമായ പാക്കിസ്ഥാനും അഫ്താനിസ്ഥാനുമുണ്ട്. അതിനാൽ നമ്മുടെ നേട്ടം നിലനിർത്തുന്നതിനും പോളിയോ രോഗത്തെ ലോകത്തു നിന്നും പൂർണമായി നിർമ്മാർജനം ചെയ്യുന്നതിനും ഏതാനും വർഷങ്ങൾ കൂടി ഈ പ്രതിരോധ യജ്ഞം തുടരേണ്ടതുണ്ട്. രോഗാണു നിരീക്ഷണ പരിപാടി (എ എഫ് പി സർവെയ്‌ലൻസ്) യുടെ ഭാഗമായി പോളിയോ രോഗാണു രാജ്യത്തു തിരികെയെത്തുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കുന്നുണ്ടെങ്കിലും നാം മതിയായ മുൻകരുതലുകൾ സ്വീകരിക്കണം. പ്രത്യേകിച്ച് വിവിധ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതിനാൽ. ഭാരതത്തിൽ 2011 ലും കേരളത്തിൽ 2000 ലും ആണ് അവസാനമായി പോളിയോ കണ്ടെത്തിയിട്ടുള്ളത്.
പോളിയോ വാക്സിനേഷനുമായി ബന്ധപ്പെട്ട ആലോചനാ യോഗം ജില്ലാ വികസന കമ്മീഷണർ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, ആർസിഎച്ച് ഓഫീസർ ഡോ. കെ.എൻ. സതീഷ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.സി. രോഹിണി, ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ സി.എം. ശ്രീജ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.