കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ ആറ്റടപ്പയിലെ ആളൊഴിഞ്ഞ ക്വാർട്ടേഴ്സിൽ നിന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിിപ്പിച്ച കേസിലെ പ്രതിയെ തലശേരി പോക്സോ അതിവേഗകോടതി റിമാൻഡ് ചെയ്തു. മൂന്ന്മാസത്തിനു ശേഷം എടക്കാട് പൊലിസ്് ബംഗ്ളൂരിൽ ഒളിവിൽ താമസിച്ചുവരുമ്പോഴാണ് പ്രതിയെ പിടികൂടിയത്.

പെരളശേരി മാവിലായി സ്വദേശി സാൻലിത്തിനെയാ(29)ണ് എടക്കാട് എസ്. ഐ ഖാലിദിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. പെൺകുട്ടിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു സൗഹൃദം സ്ഥാപിക്കുകയും പ്രണയം നടിച്ചു വശത്താക്കി ആറ്റടപ്പയിലെ ആളില്ലാത്ത ക്വാർട്ടേഴ്സിലെത്തിച്ചു മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്.

സംഭവത്തിനു ശേഷം നാടുവിട്ട പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. തുടർന്ന് പ്രതിയെ എടക്കാട് പൊലിസ് സ്റ്റേഷനിലെത്തിച്ചു അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. ലൈംഗിക ചൂഷണത്തിനു ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവാവിനെതിരെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് പൊലിസ് പോക്സോ കേസെടുത്തു അന്വേഷണമാരംഭിച്ചത്. ഇതിനിടെയിൽ ഇയാൾ സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു