കട്ടപ്പന: ഭാര്യയുമായുള്ള കുടുംബപ്രശ്നം ഒത്തുതീർക്കാൻ ചെന്ന യുവാവിനെ ഭാര്യാ പിതാവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഒപ്പമുണ്ടായിരുന്ന 12 വയസ്സുള്ള മകനും സോഹദനും പരിക്കേറ്റു. സംഭവത്തിൽ ഭാര്യാപിതാവ് ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരട്ടയാർ ടണൽ സൈറ്റ് പുരയിടത്തിൽ രഘു (64), ഇരട്ടയാർ അറയ്ക്കൽ സാബു (52), ഇരട്ടയാർ അറയ്ക്കൽ സജി (47) എന്നിവരാണ് അറസ്റ്റിലായത്.

കോട്ടയം മാങ്ങാനം വാലുപറമ്പിൽ മുരളി, സഹോദരൻ രാഹുൽ, മുരളിയുടെ 12 വയസ്സുള്ള മകൻ എന്നിവരാണ് ആക്രമണത്തിന് ഇരയായത്. കുടുംബപ്രശ്‌നങ്ങളെ തുടർന്നു മുരളിയും ഭാര്യയും ഒരുവർഷത്തോളമായി അകന്നുകഴിയുകയാണെന്നു പൊലീസ് പറഞ്ഞു. ഇതേക്കുറിച്ചു സംസാരിക്കാനായി ഞായറാഴ്ച വൈകിട്ടാണു മുരളി തന്റെ മക്കളെയും സഹോദരനെയും കൂട്ടി ഇരട്ടയാറിലെ വീട്ടിലെത്തിയത്.

അവിടെ ആളില്ലാതിരുന്നതിനാൽ ഭാര്യാപിതാവ് രഘുവിന്റെ ബാർബർ ഷോപ്പിലെത്തി. അവിടെവച്ച് വാക്കുതർക്കമുണ്ടായെന്നും മുരളിയെയും രാഹുലിനെയും രഘു കത്രികകൊണ്ട് കുത്തിപ്പരുക്കേൽപിച്ചെന്നും പൊലീസ് പറഞ്ഞു. ഇതിനിടയിൽ 12കാരനും പരിക്കേറ്റു. എസ്എച്ച്ഒ എൻ.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.