- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിട്ടി സ്ഥാപനത്തിൽ മുഖം മറച്ച് എത്തി; സ്ഥാപന ഉടമയെ കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് മർദിച്ച ശേഷം പണവും സ്വർണാഭരണവും കവർന്നു: യുവതി അറസ്റ്റിൽ
തൃപ്പൂണിത്തുറ: ചിട്ടി സ്ഥാപനത്തിൽ മുഖം മറച്ച് എത്തിയ ശേഷം ഉടമയെ ആക്രമിച്ച് പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീലയെ (36) ആണ് ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. മുളക് സ്‌പ്രേ അടിച്ചു സ്ഥാപന ഉടമയെ മർദിച്ച ശേഷം പണവും സ്വർണാഭരണവും കവരുക ആയിരുന്നു.
പഴയ ബസ് സ്റ്റാൻഡിനു സമീപത്തുള്ള പ്രീമിയർ ചിട്ടി ഫണ്ട്‌സ് എന്ന ചിട്ടി സ്ഥാപനത്തിൽ കഴിഞ്ഞ 21നായിരുന്നു കവർച്ച നടന്നത്. രാവിലെ സ്ഥാപനം തുറന്നയുടൻ എത്തിയ ഫസീല ഉടമ കെ.എൻ.സുകുമാര മേനോന്റെ മുഖത്തേക്ക് മുളക് സ്‌പ്രേ അടിച്ചു. തുടർന്നു കസേര കൊണ്ട് മർദിക്കുകയും ചെയ്തു. മേശവലിപ്പിൽ വച്ചിരുന്ന 10,000 രൂപയും ഉടമയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നേകാൽ പവൻ മാലയും കവർന്ന ശേഷം കടന്നു കളയുകയായിരുന്നു. തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പാലക്കാട് ഒറ്റപ്പാലത്തു കൂടത്തായി മോഡൽ കൊലപാതകശ്രമത്തിനു കോടതി ശിക്ഷിച്ച കേസിലെ പ്രതിയാണു ഫസീല. കഴിഞ്ഞ ഏഴു വർഷമായി സുകുമാര മേനോന്റെ അയൽവാസിയാണ് ഇവരെന്നു പൊലീസ് പറഞ്ഞു. കൂടത്തായി മോഡലിൽ ഘട്ടംഘട്ടമായി വിഷം നൽകി ഭർതൃപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഭർത്താവിന്റെ മുത്തശിയെ കൊലപ്പെടുത്തിയ കേസിലും സെഷൻസ് കോടതി ശിക്ഷിച്ച ഫസീല ഹൈക്കോടതിയിൽ നിന്നു ജാമ്യം ലഭിച്ചതിനെത്തുടർന്നാണു പുറത്തിറങ്ങിയത്.