കാസർകോട്: നാടിനെ നടുക്കിയ കൂട്ടക്കൊലപാതകത്തിലെ പ്രതിയെ കോടതി വെറുതേവിട്ടു. ഒരു കുടുംബത്തിലെ നാലുപേരെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആണ് കോടതി വെറുതെ വിട്ടത്. ഇയാളെ കുതിരവട്ടത്തെ മാനസിക അഭയകേന്ദ്രത്തിലേക്ക് മാറ്റാനും കോടതി നിർദേശിച്ചു. സംഭവസമയത്ത് പ്രതിയായ പൈവളിഗെ സുദമ്പളയിലെ ഉദയന് (45) മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് വെറുതേവിട്ടത്. ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ സംരക്ഷണം ഏറ്റെടുത്ത് എഴുതി നൽകിയാൽ മാത്രം അവർക്കൊപ്പം വിടാമെന്നും അല്ലെങ്കിൽ മാനസികാരോഗ്യകേന്ദ്രത്തിൽ കഴിയണമെന്നും കോടതി വിധിച്ചു.

അഡീഷണൽ ജില്ലാ കോടതി (മൂന്ന്) ജഡ്ജി എ.എൻ. ഉണ്ണികൃഷ്ണനാണ് കേസിൽ ചൊവ്വാഴ്ച വിധി പറഞ്ഞത്. 2020 ഓഗസ്റ്റ് മൂന്നിനാണ് നാടിനെ നടുക്കിയ കൊലപാതകം. പെവളിഗെ സുദമ്പളയിലെ ദേവകി (60), വിട്ടല (75), ബാബു (68), സദാശിവ (50) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉദയന്റെ മാതൃസഹോദരിയാണ് ദേവകി. മറ്റുള്ളവർ അമ്മാവന്മാരുമാണ്. അമ്മ ലക്ഷ്മിയെയും ഉദയൻ വെട്ടാൻ ശ്രമിച്ചിരുന്നെങ്കിലും ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. ഉദയനും അമ്മയും കൊല്ലപ്പെട്ട നാലുപേരും ഒരുമിച്ചായിരുന്നു താമസം. കേസിൽ ഏക ദൃക്സാക്ഷിയാണ് അമ്മ ലക്ഷ്മി. വിചാരണവേളയിൽ ഉദയനെതിരേ ലക്ഷ്മി മൊഴിനൽകിയിരുന്നു.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഉദയൻ കുടുംബപരമായ തർക്കത്തെ തുടർന്ന് പ്രകോപിതനാവുകയും വരാന്തയിലുണ്ടായിരുന്ന മഴുകൊണ്ട് നാലുപേരെയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ലക്ഷ്മിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേർ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
ഉദയൻ മാനസികാസ്വാസ്ഥ്യത്തിന് സ്ഥിരമായി മരുന്ന് ഉപയോഗിച്ചിരുന്നയാളാണ്. മംഗളൂരുവിൽനിന്നായിരുന്നു മരുന്ന് വാങ്ങിയിരുന്നത്. കോവിഡ് കാലത്ത് മരുന്ന് ലഭ്യമല്ലാതായതോടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. കേസിൽ ജയിലിൽ കഴിയവെ രണ്ടുമാസത്തോളം കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞ കാര്യവും കോടതി പരിഗണിച്ചു.

സ്വന്തം അഭിഭാഷകനെ വെക്കാത്തതിനാൽ കോടതി നിർദേശപ്രകാരം ജില്ലാ നിയമസേവന അഥോറിറ്റിയാണ് ഉദയന് നിയമസഹായം നൽകിയത്. ശ്രീജിത്ത് മാടക്കല്ല് പ്രതിഭാഗത്തിനായി ഹാജരായി. പി. സതീശനായിരുന്നു പ്രോസിക്യൂഷൻ ഭാഗം അഭിഭാഷകൻ.