അമ്പലപ്പുഴ: 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫിസിലെ രണ്ട് ജീവനക്കാരെ വിജിലൻസ് അറസ്റ്റ് ചെയ്തു. പുന്നപ്ര വില്ലേജ് ഓഫിസിലെ രണ്ട് ഉദ്യോഗസ്ഥരാണ് ആലപ്പുഴ വിജിലൻസ് ഡിവൈഎസ്‌പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘം ഓഫിസിൽ നിന്ന് അറസ്റ്റ് ചെയ്തത്. വില്ലേജ് അസിസ്റ്റന്റ് ആലപ്പുഴ കാളാത്ത് അവലൂക്കുന്ന് ചിറയിൽ വീട്ടിൽ എം.സി.വിനോദ് (47), ഫീൽഡ് അസിസ്റ്റന്റ് പുന്നപ്ര നടുവിലേപറമ്പിൽ വി.അശോക് കുമാർ (55) എന്നിവരാണ് അറസ്റ്റിലായത്. പരാതിക്കാരന് വിജിലൻസ് നൽകിയ 5000 രൂപയും ഇവരിൽ നിന്ന് കണ്ടെടുത്തു.

വസ്തു തരം മാറ്റി നൽകാമെന്ന് ഉറപ്പു നൽകി പുന്നപ്ര സ്വദേശിയിൽ നിന്നാണ് ഇരുവരും 5000 രൂപ ആവശ്യപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച തുക എത്തിക്കണമെന്ന് പറഞ്ഞിരുന്നു. ഇത് നൽകാതിരുന്നതോടെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും ഞായറാഴ്ച അപേക്ഷകന്റെ സ്ഥാപനത്തിൽ ചെന്ന് വീണ്ടും തുക ചോദിച്ചെന്നും വിജിലൻസ് ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിൽ പറഞ്ഞു. തിങ്കളാഴ്ച തുക തന്നില്ലെങ്കിൽ ഫയൽ അയയ്ക്കില്ലെന്ന് തീർത്തുപറഞ്ഞതായും പരാതിയിലുണ്ട്.

വിജിലൻസ് ഉദ്യോഗസ്ഥർ പരാതിക്കാരന് കൈമാറിയ 5000 രൂപ പ്രതികൾക്ക് നൽകുമ്പോഴാണ് അറസ്റ്റ്. ഇന്നലെ വൈകിട്ട് 3.30ന് പിടിയിലായത്. പ്രതികളെ ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും