- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിലെ ഗൾഫുഡ് 2024-ൽ രാജ്യാന്തര ശ്രദ്ധ നേടി കേരളം
തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ഫുഡ് ആൻഡ് ബിവറേജസ് മേളകളിലൊന്നായ ഗൾഫുഡ് 2024 ൽ കേരളത്തിന്റെ ഭക്ഷ്യസംസ്കരണ-മൂല്യവർധിത മേഖലകളിൽ താത്പര്യം പ്രകടിപ്പിച്ച് ആഗോള നിക്ഷേപകരും സംരംഭകരും. ഈ മേഖലയിൽ സംസ്ഥാനത്തെ വിപുലമായ അവസരങ്ങളും സാധ്യതകളും മുന്നോട്ടുവച്ചാണ് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഗൾഫുഡ് 2024 ന് സമാപനമായത്.
അഞ്ച് ദിവസത്തെ എക്സ്പോയിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള തനതായ ഉത്പന്നങ്ങളും റെഡി-ടു ഈറ്റ് ഇനങ്ങളും പ്രദർശിപ്പിച്ച കേരള പവലിയനിൽ ആദ്യ ദിവസം മുതൽ സന്ദർശകരുടെ പ്രവാഹമായിരുന്നു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെഎസ്ഐഡിസി) നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘത്തിൽ സംസ്ഥാനത്തെ ഭക്ഷ്യ വ്യവസായത്തിലെ പ്രമുഖ സംരംഭകർ പങ്കെടുത്തു.
ഗൾഫുഡ് 2024 നോട് അനുബന്ധിച്ച് നടന്ന 'ഇൻവെസ്റ്റർ കോൺക്ലേവി'ൽ സംസ്ഥാന വ്യവസായ-നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖരോട് ഭക്ഷ്യസംസ്കരണ-മൂല്യവർധിത-ഭക്ഷ്യ സാങ്കേതിക മേഖലയിലെ കേരളത്തിന്റെ പ്രാധാന്യത്തെയും സാധ്യതകളെയും കുറിച്ച് വിശദീകരിച്ചു. ഈ മേഖലകളിലെ ആഗോള വിതരണ ശൃംഖലയിൽ മുൻനിരയിലേക്ക് ഉയർന്നുവരാനുള്ള സംസ്ഥാനത്തിന്റെ സാധ്യതകൾക്ക് ഊർജ്ജം പകരുന്നതായി ഈ പരിപാടി. അഞ്ച് അത്യാധുനിക ഭക്ഷ്യ സംസ്കരണ പാർക്കുകൾ, രണ്ട് മെഗാ ഫുഡ് പാർക്കുകൾ, സുഗന്ധവ്യഞ്ജന പാർക്ക്, വരാനിരിക്കുന്ന മിനി ഫുഡ് പാർക്കുകൾ എന്നിവയുൾപ്പെടെ ഭക്ഷ്യ സംസ്കരണ മേഖലയിൽ കേരളം മുന്നോട്ടുവയ്ക്കുന്ന സാധ്യതകളെക്കുറിച്ചുള്ള അവലോകനം സുമൻ ബില്ല നടത്തി.
സംസ്ഥാന സർക്കാരിന്റെ സജീവമായ ഇടപെടലുകളും അനുകൂല നയങ്ങളും ഭക്ഷ്യസംസ്കരണ മേഖലയിലെ മുന്നേറ്റത്തിന് സഹായിച്ചിട്ടുണ്ടെന്ന് സുമൻ ബില്ല പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തിൽ 1,40,000 പുതിയ സംരംഭങ്ങൾ ആരംഭിച്ചു. ഡിസംബർ 31-ന് ഇത് 2,00,000 കടന്നു. ഇതിൽ 25 ശതമാനം ഭക്ഷ്യമേഖലയിലാണ്. ഇവർ അന്തർദേശീയ വിപണി കൂടി ലക്ഷ്യം വയ്ക്കേണ്ടതുണ്ട്. ഗൾഫുഡ് 2024 കേരളത്തിന്റെ ഉത്പന്നങ്ങൾക്ക് യുഎഇയിലും അറബ് രാജ്യങ്ങളിലും പുതുവിപണി തുറക്കുന്നതിന്റെ സാധ്യതകൾ തുറക്കാൻ സഹായിക്കും. സംസ്ഥാനത്തെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന ആവശ്യമാണ് സംരംഭകർക്കും നിക്ഷേപകർക്കും മുന്നിൽവച്ചത്. അവരിൽനിന്നുള്ള പ്രതികരണം വളരെ പ്രോത്സാഹജനകമായിരുന്നുഅദ്ദേഹം കൂട്ടിച്ചേർത്തു.
അസംസ്കൃത വസ്തുക്കൾ എളുപ്പം ലഭ്യമാകുന്നതും മികച്ച അടിസ്ഥാന സൗകര്യങ്ങളുമുള്ള കേരളം നിക്ഷേപസൗഹൃദമായ അന്തരീക്ഷമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ പറഞ്ഞു. കേരളത്തെ ഒരു നിക്ഷേപക സൗഹൃദ സംസ്ഥാനം എന്ന നിലയിൽ അടയാളപ്പെടുത്തി സംസ്ഥാനത്തേക്കുള്ള നിക്ഷേപം വർധിപ്പിക്കുക, കേരളത്തിലെ സംരംഭകർക്ക് രാജ്യാന്തര വിപണി ഒരുക്കുക എന്നിവയാണ് ഇത്തരം മേളകളിലെ പങ്കാളിത്തത്തിലൂടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, യുഎഇ ഫുഡ് ആൻഡ് ബീവറേജസ് മാനുഫാക്ചറിങ് ബിസിനസ് ഗ്രൂപ്പ് ചെയർമാൻ സാലേഹ് അബ്ദുല്ല ലൂതാ തുടങ്ങിയവരും നിക്ഷപക കോൺക്ലേവിൽ പങ്കെടുത്തു.
ബീക്രാഫ്റ്റ് ഹണി, ക്രേംബെറി യോഗർട്ട്, ഫൂ ഫുഡ്സ്, ഗ്ലെൻവ്യൂ ടീ, ഗ്ലോബൽ നാച്ചുറൽ ഫുഡ് പ്രോസസിങ് കമ്പനി, ഹാരിസൺസ് മലയാളം, മലബാർ നാച്ചുറൽ ഫുഡ്സ്, മഞ്ഞിലാസ് ഫുഡ് ടെക്, നാസ് ഫുഡ് എക്സിം, പവിഴം റൈസ്, പ്രോടെക് ഓർഗാനോ, വെളിയത്ത് ഫുഡ്സ് എന്നീ എക്സിബിറ്റേഴ്സാണ് ഗൾഫ് ഫുഡ് 2024-ൽ കേരളത്തെ പ്രതിനിധീകരിച്ചത്.
എക്സിബിഷന്റെ അവസാന ദിവസം സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെന്ററിൽ സ്റ്റാർട്ടപ്പ് മിഡിൽ ഈസ്റ്റ് സംഘടിപ്പിച്ച 'മീറ്റ് ആൻഡ് ഗ്രീറ്റ് കേരള ഫോറം' എന്ന പരിപാടിയിൽ കെഎസ്ഐഡിസി പങ്കെടുത്തു. സുമൻ ബില്ല, എസ്. ഹരികിഷോർ, ജലീൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ സമീർ കുഞ്ഞുമുഹമ്മദ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. സ്റ്റാർട്ടപ്പ് എംഇയുടെ സ്ഥാപകൻ സിബി സുധാകരൻ സ്വാഗതം പറഞ്ഞു. ബിൽഡ് ഹബ്ബിന്റെ സിഇഒ സബീർ എം.എസ്, എഡ്വിൻ ഇൻഫോടെക്കിന്റെ സ്ഥാപകൻ മുഹമ്മദ് അമീൻ എന്നിവർ യോഗത്തിൽ വിഷയാവതരണം നടത്തി.
2023-ലെ സംസ്ഥാന വ്യാവസായിക നയത്തിൽ പ്രാധാന്യം നൽകുന്ന മേഖലകളിലൊന്നാണ് ഭക്ഷ്യ സംസ്ക്കരണം. രാജ്യത്തിന്റെ കാർഷിക ഉൽപ്പാദനത്തിൽ കേരളം ഗണ്യമായ സംഭാവന നൽകുന്നുണ്ട്. കുരുമുളകിന്റെ 97%, കൊക്കോയുടെ 70%, കാപ്പി, കശുവണ്ടി, നാളികേരം, സമുദ്രോത്പന്ന സംസ്കരണം എന്നിവയിൽ ഗണ്യമായ വിഹിതവും വഹിക്കുന്നു. ഭക്ഷ്യ മേഖലയിലെ ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായുള്ള നിരവധി സ്ഥാപനങ്ങളും കേരളത്തിലുണ്ട്. ആഗോളതലത്തിൽ അതിവേഗം വളരുന്ന സമുദ്ര ഭക്ഷ്യ സംസ്കരണം, ആർടിഇ, ആർടിസി ഉത്പന്നങ്ങൾ മുതലായവയിലൂടെ കയറ്റുമതി ആവാസവ്യവസ്ഥയ്ക്ക് കേരളം വിപുലമായ സംഭാവന നൽകുന്നു. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, സെൻട്രൽ ട്ഊബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ ഈ മേഖലയിലെ നവീകരണവും മികവും സാധ്യമാക്കുന്ന സ്ഥാപനങ്ങളാണ്.