തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചുവയസ് തന്നെയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തിന്റെ നിലപാട് അതാണെന്നും പ്രായപരിധി മാറ്റിയാൽ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഞ്ചാംവയസിൽ ഒന്നാംക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവുകയാണെന്നും മന്ത്രി പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനം നേടാനുള്ള ചുരുങ്ങിയ പ്രായം ആറ് വയസാക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നുവെങ്കിലും കേരളം നടപ്പാക്കില്ല. മുൻ വർഷവും കേന്ദ്രത്തിന്റെ ആവശ്യം കേരളം തള്ളിയിരുന്നു.

അടുത്ത സ്‌കൂൾ പ്രവേശനത്തിൽ കുട്ടികളുടെ കുറഞ്ഞ പ്രായം ആറോ അതിൽ കൂടുതലോ ആണെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നൽകിയ നിർദേശത്തിൽ മന്ത്രാലയം വ്യക്തമാക്കി.