തിരുവനന്തപുരം: ഗവേഷകർ തദ്ദേശീയമായി നിർമ്മിച്ചതും നൂതനവുമായ മാഗ്‌നറ്റിക് റെസൊണൻസ് ഇമേജിംഗിന്റെ (എംആർഐ) സാധ്യതകൾ പ്രീ-ക്ലിനിക്കൽ, ക്ലിനിക്കൽ ഗവേഷണങ്ങളിൽ ഉപയോഗപ്പെടുത്തി കൃത്യത ഉറപ്പാക്കണമെന്ന് ന്യൂഡൽഹി എയിംസിലെ എൻഎംആർ& എംആർഐ വിഭാഗം മുൻ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. എൻ ആർ. ജഗന്നാഥൻ പറഞ്ഞു.

ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ (ആർജിസിബി) യിൽ 'എംആർഐ ഇൻ പ്രീ ക്ലിനിക്കൽ ആൻഡ് ക്ലിനിക്കൽ റിസർച്ച്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരിപാടിയിൽ ആർജിസിബി ഡയറക്ടർ പ്രൊഫ.ചന്ദ്രഭാസ് നാരായണ അധ്യക്ഷത വഹിച്ചു.

2024 ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം 'വികസിത ഭാരതത്തിനുള്ള തദ്ദേശീയ സാങ്കേതികവിദ്യകൾ' എന്നതാണ്. ആദ്യത്തെ തദ്ദേശീയ എംആർഐ ആയ 1.5 ടി (ടെസ്ല) കാന്തശക്തിയുള്ള എംആർഐ 2023 ഓഗസ്റ്റ് 1 നാണ് വികസിപ്പിച്ചതെന്നും ഡോ. എൻ ആർ. ജഗന്നാഥൻ പറഞ്ഞു.

മനുഷ്യ ശരീരത്തിന് ദോഷകരമാകുന്ന ജൈവ രാസമാറ്റങ്ങളും ചില പ്രവർത്തനങ്ങളും മുൻകൂട്ടി തിരിച്ചറിയാൻ എംആർഐ സഹായകമാകുമെന്ന് മുംബൈ ഐഐടി കോയിറ്റ സെന്റർ ഫോർ ഡിജിറ്റൽ ഹെൽത്തിലെ വിസിറ്റിങ് പ്രൊഫസർ കൂടിയായ ഡോ.ജഗന്നാഥൻ പറഞ്ഞു.

എംആർഐ യിൽ ഉപയോഗിക്കുന്ന ഹാർഡ് വെയർ ഘടകങ്ങളുടെ വിപണി വില വളരെ കൂടുതലാണ്. ഒരു എംആർഐ യുടെ വിലയുടെ 50-60 ശതമാനവും അതിന്റെ പ്രധാന ഘടകമായ കാന്തത്തിന്റെ വിലയെ ആശ്രയിച്ചിരിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എംആർഐ ഒരു സ്‌ക്രീനിങ് രീതി മാത്രമല്ല. ചില സംസ്ഥാന സർക്കാരുകൾ ഉയർന്ന പ്രവർത്തന ശേഷിയുള്ള ഇത്തരം ഉപകരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് മറ്റ് നാവിഗേഷൻ അല്ലെങ്കിൽ കമ്മ്യൂണിക്കേഷൻ കാര്യങ്ങളെ ബാധിക്കുമെന്ന് കരുതിയാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർജിസിബിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഗോത്ര പൈതൃക പദ്ധതിയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന 'റീവൈറ്റലൈസിങ് ട്രൈബൽ ട്രെഡിഷൻസ്: ഇനിഷ്യേറ്റീവ്‌സ് ഫോർ സസ്റ്റെയ്‌നബിൾ വികസിത് ഭാരത്' എന്ന മോണോഗ്രാഫ് ഡോ. ജഗന്നാഥൻ പ്രകാശനം ചെയ്തു.

സയൻസ് ഹെറിറ്റേജ് റിസർച്ച് സംരംഭത്തിന് കീഴിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പിന്തുണയോടെ തിരുവനന്തപുരം, ഇടുക്കി, വയനാട് ജില്ലകളിലാണ് ഗോത്ര പൈതൃക പദ്ധതി നടപ്പിലാക്കുന്നത്. ആദിവാസി സമൂഹങ്ങൾക്കിടയിൽ ഇപ്പോഴും തുടരുന്ന പരമ്പരാഗത സമ്പ്രദായങ്ങൾ മോണോഗ്രാഫിൽ രേഖപ്പെടുത്തിയിരിക്കുന്നു.

ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് തദ്ദേശീയ സാങ്കേതിക വികസനത്തെക്കുറിച്ച് ചിന്തിക്കണമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആർജിസിബി ഡയറക്ടർ പ്രൊഫ.ചന്ദ്രഭാസ് നാരായണ പറഞ്ഞു.

ആർജിസിബിയിലെ റിസർച്ച് അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ഫാക്കൽറ്റി അഫയേഴ്‌സ് ഡീൻ ഡോ. ജോർജ് തോമസ്, അക്കാദമിക് വിഭാഗം ഡീൻ ഡോ. പ്രിയ ശ്രീനിവാസ് എന്നിവരും പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി കേരള അക്കാദമി ഓഫ് സയൻസസിന്റെ നേതൃത്വത്തിൽ എക്‌സ്‌പോയും സംഘടിപ്പിച്ചിരുന്നു.

ആർജിസിബി യിലെ ഗവേഷകർക്കും ജീവനക്കാർക്കും പുറമെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും ആർജിസിബിയിൽ നടന്ന ദേശീയ ശാസ്ത്ര ദിന പരിപാടികളിൽ പങ്കെടുത്തു.