- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദ്ദേശം നൽകി പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഡയറക്ടറേറ്റിന്റെ പ്രവർത്തനം വിലയിരുത്താൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.
ഡയറക്ടേറ്റിലെ 38 സെക്ഷനുകളിലായി ആകെ 16,514 ഫയലുകൾ ശേഷിക്കുന്നുണ്ട്. ആറു മാസത്തിനും ഒരു വർഷത്തിനുമിടയിൽ ആരംഭിച്ചതും നിലവിൽ തീർപ്പാകാതെ ശേഷിക്കുന്നതുമായ 10,734 ഫയലുകളും ഒരു വർഷത്തിന് മുകളിൽ ആരംഭിച്ചതും നിലവിൽ തീർപ്പാക്കാൻ ശേഷിക്കുന്നതുമായ 3,371 ഫയലുകളും രണ്ട് വർഷത്തിന് മുകളിൽ ആരംഭിച്ചതും നിലവിൽ തീർപ്പാക്കാത്ത ശേഷിക്കുന്നതുമായ 1,605 ഫയലുകളും മൂന്ന് വർഷത്തിന് മുകളിൽ ആരംഭിച്ചതും നിലവിൽ തീർപ്പാക്കാതെ ശേഷിക്കുന്നതുമായ 804 ഫയലുകളും പൊതുവിദ്യാഭ്യാസ കാര്യാലയത്തിൽ അവശേഷിക്കുന്നുണ്ട്.
ഓഡിറ്റ് സംബന്ധമായ ഫയലുകളും നിയമന അംഗീകാരം സംബന്ധിച്ച ഫയലുകളും പെൻഷൻ, വിജിലൻസ്, കോടതി കേസുകൾ സംബന്ധിച്ച ഫയലുകളും തീർപ്പാക്കുന്നതിന് ഡയറക്ടറേറ്റിൽ ഒരു അദാലത്ത് സംഘടിപ്പിക്കുകയും ആയതിന്റെ വിവരം ഡയറക്ടർ റിപ്പോർട്ടാക്കി നൽകണം. ഡയറക്ടറേറ്റിന്റെ കോമ്പൗണ്ടിൽ പഴയ വാഹനങ്ങൾ തുരുമ്പെടുത്ത് കിടക്കുന്നത് ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഈ പ്രവർത്തനങ്ങൾക്ക് ഒരു അഡീഷണൽ ഡയറക്ടർക്ക് ചുമതല നൽകണം. ഇതു സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ട് 10 ദിവസത്തിനകം സർക്കാരിന് കൈമാറണം.വിവിധ പരിപാടികൾക്കായി അഡ്വാൻസായി പണം വാങ്ങി ഇനിയും സെറ്റിൽ ചെയ്യാത്തവർ ഉടനെ സെറ്റിൽ ചെയ്യാൻ നടപടിയെടുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് കെ ഐഎഎസും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.