ആലപ്പുഴ: സെർവർ തകരാറിനെത്തുടർന്ന് ബുധനാഴ്ച സംസ്ഥാനത്ത് റേഷൻവിതരണം മുടങ്ങി. മാസാവസാനമായതോടെ ആളുകൾ കൂട്ടത്തോടെ റേഷൻ വാങ്ങാനെത്തിയതും മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിങ്ങുമാണ് സെർവർ പ്രശ്‌നത്തിനിടയാക്കിയത്. ഇതേത്തുടർന്ന് ഉച്ചയോടെ മസ്റ്ററിങ് നിർത്തി. എന്നിട്ടും തകരാർ പരിഹരിക്കാനായില്ല.

മാസാവസാന ദിവസങ്ങളിൽ മുൻപ് സെർവർത്തകരാർ പതിവായിരുന്നു. സെർവറിലെ പഴയ ഫയലുകൾ മറ്റൊന്നിലേക്കുമാറ്റി ശേഷി കൂട്ടിയതോടെ ഏറെ നാളായി വലിയ പ്രശ്‌നങ്ങളില്ലായിരുന്നു. എന്നാൽ, മസ്റ്ററിങ് തുടങ്ങിയതോടെ വീണ്ടും പ്രശ്‌നമായി.

ചൊവ്വാഴ്ച മുതൽ പ്രശ്‌നം തുടങ്ങിയിരുന്നു. ബുധനാഴ്ചയോടെ പൂർണമായും നിലച്ചു. ഒട്ടേറെപ്പേരാണു റേഷൻ കിട്ടാതെ മടങ്ങിയത്. വ്യാഴാഴ്ചയാണു ഫെബ്രുവരിയിലെ റേഷൻവിതരണം തീരുന്നത്. തീയതി നീട്ടിയില്ലെങ്കിൽ പലർക്കും റേഷൻ കിട്ടില്ല.