പടി.കോടിക്കുളം: ചുവന്ന കാറിൽ എത്തിയ സംഘം റോഡിൽ മിഠായി ഇട്ട് കുട്ടികളെ അടുത്തേക്ക് വിളിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.

ബുധനാഴ്ച രാവിലെ ഒൻപതോടെ ഐരാമ്പിള്ളിയിലാണ് സംഭവം. സ്‌കൂളിലേക്ക് പോവുകയായിരുന്ന കുട്ടികളെയാണ് ചുവന്ന കാറിൽ എത്തിയവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പരിഭ്രമിച്ച കുട്ടികൾ ഓടി സ്‌കൂളിൽ എത്തുകയും വിവരം അറിയിക്കുകയും ആയിരുന്നു. വിവരം കാളിയാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു.

റോഡിൽ മിഠായി ഇട്ടതിനുശേഷം എടുത്തുനൽകാൻ ചുവന്ന കാറിലെത്തിയവർ ആവശ്യപ്പെടുകയായിരുന്നെന്ന് കുട്ടികൾ പറഞ്ഞു. കുട്ടികൾ പറഞ്ഞസമയത്ത് ഇതുവഴി ചുവന്നകാർ കടന്നുപോകുന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. റോഡിൽനിന്ന് മിഠായികളും പൊലീസ് കണ്ടെടുത്തു. കാളിയാർ പൊലീസ് അന്വേഷണം തുടങ്ങി.