- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മസ്റ്ററിങ് പൂർത്തിയാക്കാത്തവർ ഏപ്രിൽ ഒന്നുമുതൽ റേഷൻ അനുവദിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ (എ.എ.വൈ), പിങ്ക് (പി.എച്ച്.എച്ച്) റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ട എല്ലാ അംഗങ്ങളും മാർച്ചിനകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന നിർദേശവുമായി ഭക്ഷ്യവകുപ്പ്. മസ്റ്ററിങ് പൂർത്തിയാക്കാത്തവർ ഏപ്രിൽ ഒന്നുമുതൽ റേഷൻ അനുവദിക്കില്ലെന്നാണ് കേന്ദ്ര നിർദ്ദേശം.
മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഒരുവിട്ടുവീഴ്ചക്കും തയാറല്ലെന്നാണ് കേന്ദ്രഭക്ഷ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങൾ മസ്റ്ററിങ്ങുമായി സഹകരിക്കണമെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ ആവശ്യപ്പെട്ടു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് റേഷൻ കടകൾക്ക് ഉച്ചക്കുള്ള ഒഴിവുസമയവും ഞായറാഴ്ചത്തെ ഒഴിവുദിനവും സർക്കാർ താൽക്കാലികമായി റദ്ദാക്കി. മാർച്ച് 18 വരെ എല്ലാ ദിവസവും ഉച്ചക്ക് 1.30 മുതൽ വൈകീട്ട് നാലുവരെയും ഞായറാഴ്ച ഉൾപ്പെടെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയും മസ്റ്ററിങ് ഉണ്ടായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
എല്ലാ റേഷൻ കാർഡ് അംഗങ്ങളും അവരവരുടെ റേഷൻ കടകളിൽ നേരിട്ടെത്തി ആധാറും റേഷൻകാർഡുമായി നിശ്ചിത സമയത്തിനകം മസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങ് പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മാർച്ച് 15, 16, 17 തീയതികളിൽ കടകളിൽ ഭക്ഷ്യധാന്യ വിതരണം ഉണ്ടായിരിക്കില്ല. അന്നേ ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴുവരെയും മസ്റ്ററിങ് ചെയ്യും. അവസാന ദിവസമായ മാർച്ച് 18ന് സംസ്ഥാനത്തെ ഏതൊരു കാർഡ് അംഗത്തിനും ഏതു റേഷൻ കടയിലും മസ്റ്ററിങ് നടത്തുന്നതിന് അവസരം ഉണ്ടായിരിക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.