കൊണ്ടോട്ടി: കരിപ്പൂരിൽ 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വിമാനത്താവളത്തിൽ നിന്നും കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ ഒന്നേകാൽ കിലോ സ്വർണവുമായി കോഴിക്കോട് സ്വദേശിയാണ് പൊലീസ് പിടിലിയാത്. ശനിയാഴ്ച രാവിലെ ഒൻപതരയ്ക്ക് മസ്‌കറ്റിൽനിന്നുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ കരിപ്പൂരിലിറങ്ങിയ നന്മണ്ട സ്വദേശി ഷഫീഖിൽ (28) നിന്നാണ് സ്വർണം കണ്ടെത്തിയത്.

വിമാനത്താവളത്തിനകത്ത് കസ്റ്റംസിന്റെ ആധുനിക എക്‌സ്റേ സംവിധാനങ്ങളും പരിശോധനകളും പൂർത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചനിലയിൽ നാലു കാപ്സ്യൂളുകളിലായി സ്വർണമിശ്രിതം കണ്ടെടുത്തു. 1251 ഗ്രാം സ്വർണമാണ് ഇതിലുണ്ടായിരുന്നത്. ആഭ്യന്തരവിപണിയിൽ 80 ലക്ഷം രൂപ വിലവരും.

പിടിച്ചെടുത്ത സ്വർണം പൊലീസ് കോടതിയിൽ സമർപ്പിക്കുമെന്നും തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസ് പ്രിവന്റീവിന് നൽകുമെന്നും പൊലീസ് അറിയിച്ചു. കരിപ്പൂരിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ പൊലീസ് പിടികൂടുന്ന 13-ാമത്തെ സ്വർണക്കടത്തുകേസാണിത്.