- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇരുന്നൂറേക്കറിൽ കുത്തേറ്റത് വെള്ളത്തൂവൽ സ്റ്റേഷനിലെ സിപിഒയ്ക്ക്
ഇടുക്കി: അടിമാലിയിൽ പൊലീസുകാരന് കുത്തേറ്റു. കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളത്തൂവൽ സ്റ്റേഷനിലെ സിപിഒ അനീഷിനാണ് കുത്തേറ്റത്. തർക്കത്തെത്തുടർന്ന് മൂവർ സംഘം കാറിൽ പോയ അനീഷിനെ പിന്തുടർന്നെത്തി വാഹനം തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ഇരുന്നൂറേക്കറിലാണ് സംഭവം. അടിമാലി ടൗണിലെ മെഡിക്കൽ സ്റ്റോറിന് മുന്നിൽ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാൻ എത്തിയതായിരുന്നു അനീഷ്. ഇവിടെ നിന്നും വീട്ടിലേക്ക് കാറിൽ പോകവെ ബൈക്കിൽ പിന്തുടർന്ന സംഘം ഇരുന്നൂറേക്കറിൽ വെച്ച് കാർ തടഞ്ഞു. ബോണറ്റിൽ ശക്തമായി അടിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് കുത്തി പരിക്കേൽപിച്ചത്. അനീഷിന്റെ വയറിലും കൈയ്ക്കും പരിക്കേറ്റു. അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനീഷിന്റെ കൈയിൽ 12 തുന്നലുകൾ വേണ്ടി വന്നു.
സംഭവത്തിൽ അത്തികുഴിയിൽ നായന സന്തോഷ് എന്ന സന്തോഷ്, ലൈജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്. അക്രമികളിൽ ഒരാൾ മറ്റൊരു കേസിൽ മുൻപ് പിടിയിലായിരുന്നു. ഈ കേസിനു പിന്നിൽ അനീഷാണെന്ന് ആരോപിച്ചാണ് ആക്രമണമെന്നും പറയപ്പെടുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.