ചെറുതോണി: കാലവർഷം വൈകിയേക്കുമെന്ന ആശങ്കയെത്തുടർന്ന് ഇടുക്കി ഡാമിൽനിന്നുള്ള വൈദ്യുതോത്പാദനം കുറച്ചു. ജൂണിൽ കാലവർഷം എത്തിയേക്കില്ലെന്ന ആശങ്കയെ തുടർന്നാണ് വെദ്യുതോത്പാദനം കുറച്ചത്. ഇതേസമയം ഇടുക്കി ഡാമിൽ ഇപ്പോൾ കഴിഞ്ഞവർഷം ഈ സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ വെള്ളം കൂടുതലുണ്ട്. ഇത്തവണ വേനൽമഴ ലഭിച്ചില്ലെങ്കിലും ഇടുക്കിയിൽ 4.44 അടി വെള്ളമാണ് കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലുള്ളത്.

കേന്ദ്രപൂളിൽനിന്നുള്ള വൈദ്യുതിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. വിലയ്ക്ക് വാങ്ങുന്നതും വിതരണം ചെയ്യുന്നു. പുറമേനിന്നുള്ള ഈ വൈദ്യുതിലഭ്യത കുറഞ്ഞാൽ ഇടുക്കി അണക്കെട്ടിലെ ജലം വൈദ്യുതിക്കായി ഉപയോഗിക്കും.2348.7 അടിയാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2344.26 അടിയായിരുന്നു കഴിഞ്ഞ വർഷം ഇതേ ദിവസത്തെ ജലനിരപ്പ്.

മഴ നിലച്ചതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വളരെ കുറഞ്ഞു. 0. 298ദശലക്ഷം ഘനമീറ്റർ വെള്ളം മാത്രമാണ് 24 മണിക്കൂറിൽ അണക്കെട്ടിൽ ഒഴുകിയെത്തിയത്. 653.348 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇത് സംഭരണശേഷിയുടെ 44.76 ശതമാനം. ഇടുക്കിയിൽനിന്നുള്ള 3.5367 ദശലക്ഷം ഘനമീറ്റർ വെള്ളം ഉപയോഗിച്ച് 24 മണിക്കൂറിൽ 5.189 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റം വൈദ്യുതിനിലയത്തിൽ ഉത്പാദിപ്പിച്ചത്.