കോട്ടയം: കച്ചവടത്തിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് വെച്ചൂർ സ്വദേശിയെ കബളിപ്പിച്ച് 21 ലക്ഷം രൂപയും കാറും തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ പിടിയിലായി. എറണാകുളം വേങ്ങൂർ കൈപ്പിള്ളി അമ്പലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അംഗനാട് കാനമ്പുറം വിഷ്ണു (30), എറണാകുളം കാലടി നെടുമ്പറത്ത് വിനു (48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വൈക്കം വെച്ചൂർ അംബിക മാർക്കറ്റ് സ്വദേശിയാണ് തട്ടിപ്പിനിരയായത്. പ്രതികൾ നടത്തിയിരുന്ന ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞാണ് പലതവണകളായി പണം തട്ടിയത്. ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് ഇദ്ദേഹത്തിന്റെ കാറും പ്രതികൾ തട്ടിയെടുത്തു.

പണവും കാറും നഷ്ടമായതോടെ ഇദ്ദേഹം പരാതി നൽകി. വൈക്കം പൊലീസാണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.