പെരുമ്പാവൂർ: കഞ്ചാവുമായി ഒഡീഷ സ്വദേശിയായ അതിഥി തൊഴിലാളി പിടിയിൽ. ഒഡീഷ അനുഘഞ്ച് സ്വദേശി സൂരജ് ബീറ(26)യെയാണ് 16 കിലോ കഞ്ചാവുമായി പെരുമ്പാവൂർ എ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒഡീഷയിൽനിന്ന് ട്രെയിൻ മാർഗം എത്തിച്ച കഞ്ചാവുമായി പെരുമ്പാവൂർ ഭാഗത്തേക്ക് വരുമ്പോൾ റൂറൽ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച പുലർച്ചെ മാറമ്പിള്ളിയിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ട് ബാഗുകളിലായാണ് പ്രതി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ്ടുകിലോ വീതമുള്ള എട്ട് പാക്കറ്റുകളാണ് ഇതിലുണ്ടായിരുന്നത്. ഹോട്ടൽ തൊഴിലാളിയായ ഇയാൾ മറുനാടൻ തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനാണ് കഞ്ചാവ് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.

പെരുമ്പാവൂരിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പ്രത്യേക അന്വേഷണസംഘം നാല് കിലോ കഞ്ചാവും 50 ഗ്രാം ഹെറോയിനും പിടികൂടിയിരുന്നു. കഴിഞ്ഞയാഴ്ച നടന്ന റെയ്ഡിൽ ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളും മയക്കുമരുന്നും പിടികൂടി.

എ.എസ്‌പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർമാരായ ടോണി ജെ മറ്റം, റെജി മോൻ, എഎസ്ഐ പി എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ ടി.എൻ മനോജ് കുമാർ, ടി.എ അഫ്സൽ, സിപിഒ മാരായ കെ.എ അഭിലാഷ്, ബെന്നി ഐസക്, മുഹമ്മദ് ഷാൻ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.