- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പന്ത്രണ്ട് ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനം; ഡെങ്കിപ്പനി കേസുകളും ഉയരാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുന്നതിനിടെ പകർച്ചവ്യാധികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളെയും നിലവിലെ സാഹചര്യത്തെയും കുറിച്ച് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കഴിഞ്ഞ പ്രാവശ്യമുണ്ടായ അതേ പകർച്ചവ്യാധികൾ തന്നെയാണ് ഇക്കുറിയും പടരുന്നത്. പകർച്ചപ്പനി, വെസ്റ്റ്-നൈൽ പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി പോലുള്ള രോഗങ്ങളെയെല്ലാം ജാഗ്രതയോടെ നേരിടാൻ മുന്നൊരുക്കങ്ങൾ വേണമെന്നാണ് മന്ത്രി നിർദേശിക്കുന്നത്.
ഇതിനിടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. വെസ്റ്റ് നൈൽ ബാധിച്ച് പതിമൂന്നുകാരി മരിച്ച കേസിൽ പുനെയിലെ വൈറോളജി ലാബിൽ രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും 10 വെസ്റ്റ് നൈൽ പനി കേസുകൾ ഉറപ്പായതാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് 12 ഇടങ്ങളിൽ മഞ്ഞപ്പിത്ത വ്യാപനമുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. മലിനമായ വെള്ളം കുടിവെള്ളമായി ഉപയോഗിക്കുന്നതാണ് രോഗവ്യാപനത്തിന് പിന്നിൽ. എല്ലാവരും ഹൈറിസ്‌ക് കാറ്റഗറിയിലാണെന്ന് കരുതി പ്രതിരോധമരുന്നുകൾ കഴിക്കണമെന്നും മന്ത്രി പറഞ്ഞു.എറണാകുളം, തൃശ്ശൂർ, കണ്ണൂർ, പത്തനംതിട്ട, മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലാണ് വ്യാപനം.
മലപ്പുറത്തും എറണാകുളത്തും സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്, മഞ്ഞപ്പിത്തത്തിനെതിരായ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്, എറണാകുളത്ത് മലിനജലം ഉപയോഗിച്ച ചില ഹോസ്റ്റലുകളിലും മഞ്ഞപ്പിത്ത ബാധയുണ്ടായി, രോഗ്യവ്യാപനം ഉണ്ടായ സ്ഥലങ്ങളിൽ കുടിവെള്ള സ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണമെന്നും മന്ത്രി പറഞ്ഞു.
ജൂലൈ മാസത്തിൽ ഡെങ്കിപ്പനിയും പടരാൻ സാധ്യതയുള്ളതിനാൽ ശുചിത്വത്തിന് ഊന്നൽ നൽകി മുന്നോട്ടുപോകാനും മന്ത്രിയുടെ നിർദ്ദേശം. മഴക്കാല പൂർവ ശുചീകരണം ഇന്നും നാളെയുമായി ഊർജിതമായി നടത്താനും നിർദ്ദേശം.
ചികിത്സയും പ്രതിരോധവും ശക്തമായി നടക്കുന്നുണ്ടെന്നും ബോധവത്കരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം. സെക്കൻഡറി ഇൻഫെക്ഷൻ ഉണ്ടാകുന്നതായി കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രോഗബാധിതരായ വ്യക്തി ആറാഴ്ച വരെ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ മറ്റൊരാൾക്ക് പകരാതെ സൂക്ഷിക്കണം.
പനിയുടെ എണ്ണം മുൻവർഷത്തേക്കാൾ കുറവാണ്. പക്ഷേ ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വരാതിരിക്കാനുള്ള ജാഗ്രത കൈവിടരുതെന്നും മന്ത്രി പറഞ്ഞു. ശുചീകരണ പ്രവർത്തനം നടത്തിയില്ലെങ്കിൽ രോഗവ്യാപനം കൂടുമെന്നും മന്ത്രി വ്യക്തമാക്കി. ജനുവരി മാസത്തിൽത്തന്നെ ആരോഗ്യജാഗ്രതാ കലണ്ടർ ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. ഇതുസംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ ഓരോ ഘട്ടത്തിലും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
ഈ വർഷം ജൂലൈ ആകുന്നതോടെ ഡെങ്കിപ്പനി കൂടാനുള്ള സാധ്യതയുണ്ടെന്ന് നേരത്തേ പറഞ്ഞിരുന്നു. അതുസംബന്ധിച്ച മുന്നറിയിപ്പും ആരോഗ്യവകുപ്പ് നൽകിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെയുള്ളവ പ്രതിരോധിക്കുന്നതിൽ ശുചിത്വമാണ് പ്രധാനം. കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങുന്നത് എലിപ്പനിക്ക് കാരണമാകാം. ഇപ്പോൾ ശുചീകരണപ്രവർത്തനങ്ങൾ ശക്തമാക്കിയില്ലെങ്കിൽ രോഗവ്യാപനം കൂടുമെന്നും മന്ത്രി പറഞ്ഞു.
ജാഗ്രത പുലർത്തണം
മലിനമായ സ്രോതസ്സുകളിൽനിന്നുള്ള വെള്ളം കുടിക്കുന്നതാണ് മഞ്ഞപ്പിത്തബാധയ്ക്ക് കാരണമാകുന്നത്. മഞ്ഞപ്പിത്തവ്യാപനത്തിനെതിരേ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്..
കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. ഇതിന്റെ (എ), (ഇ) വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. (ബി), (സി), (ഡി) എന്നീ വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയുമാണ് പകരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ കൂടുതൽ ദിവസമെടുക്കും. എ, ഇ വിഭാഗങ്ങൾക്ക് ഇത് 15 ദിവസം മുതൽ 60 ദിവസം വരെ ആയേക്കാം. ബി, സി, ഡി വിഭാഗങ്ങൾക്ക് 15 മുതൽ ആറുമാസം വരെ നീണ്ടേക്കാം.
നമ്മുടെ നാട്ടിൽ കൂടുതൽ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയും പകരുന്ന എ, ഇ വിഭാഗം മഞ്ഞപ്പിത്തമാണ്. കുഞ്ഞുങ്ങൾക്ക് ഇത് അത്ര ഗുരുതരമാവാറില്ലെങ്കിലും പ്രായപൂർത്തിയായവരിൽ പലപ്പോഴും ഗൗരവമാകാറുണ്ട്.
പ്രതിരോധിക്കാം ഇങ്ങനെ...
ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, കുഞ്ഞുങ്ങളുടെ കൈയിലെ നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക, മലവിസർജനത്തിനു ശേഷം കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക, തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജനം ചെയ്യാതിരിക്കുക, കുഞ്ഞുങ്ങളുടെ വിസർജ്യങ്ങൾ സുരക്ഷിതമായി നീക്കംചെയ്യുക, വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക, ഈച്ചശല്യം ഒഴിവാക്കുക, കന്നുകാലിത്തൊഴുത്തുകൾ കഴിവതും വീട്ടിൽനിന്ന് അകലെയായിരിക്കണം, പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ആഹാര സാധനങ്ങൾ എപ്പോഴും അടച്ചുസൂക്ഷിക്കുക, പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക, പഴവർഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക, വെള്ളം എപ്പോഴും അടച്ചുസൂക്ഷിക്കുക, ഇടയ്ക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക, കുടിവെള്ള പമ്പിങ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുക, ഉത്സവങ്ങൾ, കല്യാണങ്ങൾ മറ്റ് ആഘോഷങ്ങൾ എന്നിവ നടക്കുന്ന സമയമായതിനാൽ പൊതുസ്ഥലങ്ങളിൽ നിന്നും മറ്റും വാങ്ങി കഴിക്കുന്ന ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പുവരുത്തണം, പാനീയങ്ങൾ തയ്യാറാക്കുന്നവരും വിൽപ്പന നടത്തുന്നവരും വ്യാവസായിക അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഐസ്‌ബ്ലോക്കുകൾ ഉപയോഗിക്കരുത്, ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് തയ്യാറാക്കുന്ന ക്യൂബ് ഐസ് മാത്രം ഉപയോഗിക്കുക.

