തിരുവനന്തപുരം: ജോലിക്കായുള്ള അഭിമുഖത്തിന് പി.എസ്.സി. ഓഫീസിലേക്ക് പോകുന്നതിനിടെ അപകടത്തിൽ പരിക്കേറ്റ യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാസേന. അപകടസ്ഥലത്തുനിന്ന് യുവതിയെ ആശുപത്രിയിലേക്കും അവിടെനിന്ന് മിനിട്ടുകൾക്കുള്ളിൽ പി.എസ്.സി. ഓഫീസിലേക്കും ആംബുലൻസിൽ എത്തിച്ചാണ് അഗ്നിരക്ഷാ അംഗങ്ങൾ യുവതിക്ക് കൈത്താങ്ങായി മാറിയത്. ഇതോടെ കൃത്യസമയത്തുതന്നെ യുവതിക്ക് അഭിമുഖത്തിനു ഹാജരാകാനായി.

നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശി ഗ്രീഷ്മയ്ക്കാണ് അഗ്നിരക്ഷാസേനയുടെ കൃത്യസമയത്തെ ഇടപെടലിൽ കൈവിട്ടു പോകുമായിരുന്ന ജോലി തിരികെ കിട്ടിയത്. വെള്ളിയാഴ്ച രാവിലെ മ്യൂസിയം വകുപ്പിലെ ബയോളജിസ്റ്റ് തസ്തികയിലേക്ക് അഭിമുഖമുണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാൻ പട്ടം പി.എസ്.സി. ആസ്ഥാനത്തേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ് ഹൗസിങ് ബോർഡ് ജങ്ഷനിൽെവച്ച് കാറുമായി കൂട്ടിയിടിച്ച് ഗ്രീഷ്മയ്ക്ക് പരിക്കുപറ്റി. തുടർന്ന് അഗ്‌നിരക്ഷാസേനയുടെ ആംബുംലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമുള്ളതായിരുന്നില്ല.

അപ്പോഴാണ് യുവതി പി.എസ്.സി. അഭിമുഖത്തിനു പോയതാണെന്ന് ഉദ്യോഗസ്ഥർ അറിഞ്ഞത്. 9.45-നായിരുന്നു റിപ്പോർട്ടിങ് സമയം. കഷ്ടിച്ച് അഞ്ച് മിനിറ്റ് മാത്രമേ അപ്പോൾ ബാക്കിയുണ്ടായിരുന്നുള്ളൂ. കാലിനു പരിക്കുപറ്റിയതു കാരണം ഗ്രീഷ്മയ്ക്കു നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ജോലിക്കാര്യമായതിനാൽ അഗ്‌നിരക്ഷാസേനയുടെ ആംബുലൻസിൽത്തന്നെ ഗ്രീഷ്മയെ പി.എസ്.സി. ഓഫീസിൽ എത്തിക്കുകയായിരുന്നു.

പി.എസ്.സി. ഓഫീസിലെ വീൽച്ചെയറിൽ അഭിമുഖ ബോർഡിനു മുന്നിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. അപ്രതീക്ഷിതമായി ലഭിച്ച സഹായത്തിന് ഗ്രീഷ്മ ഉദ്യോഗസ്ഥരോടു നന്ദിപറഞ്ഞു. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ വിഷ്ണുനാരായണൻ, ജിനു, ശ്രീരാജ്, രുമകൃഷ്ണ, ശരണ്യ, സനൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഗ്രീഷ്മയെ സഹായിക്കാനുണ്ടായിരുന്നത്.