ചെറുതോണി: വേനൽമഴ ശക്തമായതോടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.9 അടി വെള്ളം കൂടുതലുണ്ട് ഇപ്പോൾ. 2333.86 അടിയാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ജലനിരപ്പ്. 2324.96 അടിയായിരുന്നു കഴിഞ്ഞവർഷം ഇതേദിവസം ജലനിരപ്പ്. വേനൽമഴ ലഭിച്ചതോടെ നീരൊഴുക്ക് കൂടി. 1.643 ദശലക്ഷം ഘനമീറ്റർ വെള്ളം 24 മണിക്കൂറിനുള്ളിൽ കിട്ടി. 480.911 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇത് സംഭരണശേഷിയുടെ 32.95 ശതമാനം.

വേനൽമഴ തുടർച്ചയായി ലഭിച്ചതോടെ ചെറുകിട ജലവൈദ്യുത പദ്ധതികളിൽ വൈദ്യുതോത്പാദനം തുടങ്ങി. ഇതോടെ ഇടുക്കി അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതോദ്പാദനം കുറച്ചു. കേന്ദ്രപൂളിലെ വൈദ്യുതിയും വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പുറമേനിന്നുള്ള വൈദ്യുതി ലഭ്യത കുറയുമ്പോൾ ഇടുക്കി അണക്കെട്ടിലെ വെള്ളം ഉപയോഗിക്കാനാണ് കെ.എസ്. ഇ.ബി. തീരുമാനം. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിലും ജലനിരപ്പ് ഉയർന്നേക്കും.