തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതിക്ക് ഒളിത്താവളമൊരുക്കിയ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ധനുവച്ചപുരം കാവുവിള അച്ചു ഭവനിൽ അരവിന്ദ് (21) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. കാരക്കോണം പുല്ലന്തേരിയിൽ വീട്ടിൽക്കയറി യുവാവിന് നേരെ ഗുണ്ടാ ആക്രമണം നടത്തിയ കേസിലെ പ്രതിയായ പുല്ലന്തേരി സ്വദേശിയായ ബിനോയ്ക്കാണ് അരവിന്ദ് ഒളിത്താവളമൊരുക്കി നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കാരക്കോണത്ത് യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിലെ പ്രതിയാണ് ബിനോയ്. കാരക്കോണം മെഡിക്കൽ കോളേജിൽ ആശുപത്രി ചികിത്സയിലിരിക്കെയാണ് ബിനോയ് പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. ആക്രമണത്തിനിടെ കൈയ്ക്ക് പൊട്ടലേറ്റ ബിനോയി ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. അന്വേഷണത്തിൽ പ്രതി ആശുപത്രിയിലുണ്ടെന്ന് വിവരം ലഭിച്ചതോടെ വെള്ളറട പൊലീസ് ഇവിടെയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

നാല് പൊലീസുകാരെ ബിനോയിയെ നിരീക്ഷിക്കാൻ കാവലും ഇട്ടു. ബുധനാഴ്ച രാത്രി ശൗചാലയത്തിലേക്ക് പോകുന്നതിനിടെ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് വെള്ളറട പൊലീസിന്റെ അന്വേഷണത്തിൽ പൊഴിയൂർ വിരാലിയിൽ നിന്നും ബിനോയിയെ പിടികൂടി. ഇയാൾക്ക് ഒളിവിൽ താമസിക്കുവാൻ വീട് നൽകിയ വിരാലി സ്വദേശിയായ രഞ് ജിത് (25) നെയും വെള്ളറട പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പുല്ലന്തേരി പണ്ടാരത്തറ അഭിരാമത്തിൽ സുദേവനെ (45) ആക്രമിച്ച കേസിലാണ് ബിനോയിയെ പൊസീസ് അറസ്റ്റ് ചെയ്തത്.