തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകർഷിക്കാൻ ലൈബ്രറികൾ സ്ഥാപിക്കണമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ് സോമനാഥ്. ക്ഷേത്രങ്ങളിൽ ലൈബ്രറി നിർമ്മിച്ചാൽ അത് യുവാക്കളെ അവിടേക്ക് ആകർഷിക്കുമെന്നും എസ്. സോമനാഥ് പറഞ്ഞു. തിരുവനന്തപുരത്ത് ഉദിയന്നൂർ ദേവീക്ഷേത്രം ഏർപ്പെടുത്തിയ പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ധാരാളം യുവാക്കളെ താൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ യുവാക്കൾ വളരെ കുറവാണ്. യുവാക്കളെ ക്ഷേത്രങ്ങളിൽ എത്തിക്കാൻ ക്ഷേത്ര കമ്മിറ്റികൾ ശ്രമിക്കണം. അതിനായി എന്തുകൊണ്ട് ലൈബ്രറികൾ നിർമ്മിച്ചുകൂടാ? ഇത് വായിക്കാൻ താല്പര്യമുള്ള യുവാക്കളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കാനും വൈകുന്നേരങ്ങളിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനും സഹായിക്കുമെന്നും എസ്. സോമനാഥ് പറഞ്ഞു.

ക്ഷേത്രങ്ങൾ നാമജപത്തിന് മാത്രമല്ല, അത് സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. യുവജനങ്ങളെ ആകർഷിക്കുന്നതിനായി രാജ്യമെമ്പാടുമുള്ള ക്ഷേത്രകാര്യനിർവഹണസമിതികൾ പ്രവർത്തിക്കണം.

യുവതയെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കാൻ ലൈബ്രറികൾ സ്ഥാപിച്ചുകൂടെയെന്നും അദ്ദേഹം ചോദിച്ചു. അവാർഡ് സമർപ്പണ ചടങ്ങിൽ കൂടുതൽ യുവജനങ്ങളെ പ്രതീക്ഷിച്ചിരുന്നെങ്കിലും വളരെ കുറച്ചുപേർ മാത്രമാണ് പങ്കെടുക്കാൻ എത്തിയത്. വായിക്കാനും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാനും കഴിയുന്ന സാഹചര്യമുണ്ടായാൽ കൂടുതലാളുകൾ ക്ഷേത്രങ്ങളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ജി.മാധവൻ നായർ പുരസ്‌കാരം സമ്മാനിച്ചു. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, വി.കെ.പ്രശാന്ത് എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.