തിരുവനന്തപുരം: വിദേശത്ത് നിന്നും കൊണ്ടുവന്ന മദ്യം നൽകാത്തതിന്റെ പേരിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാക്കളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. നെയ്യാറ്റിൻകര കാഞ്ഞിരംകുളം കഴിവൂർ പറയൻ വിളാകത്ത് വീട്ടിൽ വിശാഖ് (28), കാഞ്ഞിരംകുളം മൂന്നുമുക്ക് കല്ലിൽ പുത്തൻവീട്ടിൽ അരവിന്ദ് (34) എന്നിവരെയാണ് കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ തമിഴ്‌നാട് സ്വദേശികളായ സുധൻ, ഉണ്ണികൃഷ്ണൻ, ബാബു എന്നിവരെയാണ് രണ്ടുപേരും ചേർന്ന് വെട്ടിയത്. ഭാര്യ വീടായ മൂന്നുമുക്കിൽ സുധനും സുഹൃത്തുക്കളും വിരുന്നിന് വന്ന സമയത്ത്, പ്രതികളായ ഇരുവരും വിദേശത്ത് നിന്ന് കൊണ്ടുവന്ന മദ്യം തരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സുധൻ മദ്യം നൽകിയില്ല. തുടർന്ന് വാക്കേറ്റം ഉണ്ടാവുകയും പിന്നാലെ മൂന്നുപേരെയും പ്രതികൾ വാൾ കൊണ്ട് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വയറിൽ കുത്തേറ്റ സുധൻ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഉണ്ണികൃഷ്ണൻ, ബാബു എന്നിവർ
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പ്രതികളെയും നെയ്യാറ്റിൻകരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.