തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചികിൽസാ പിഴവ് തുടർക്കഥയാവുമ്പോഴും പകർച്ചവ്യാധികൾ പടരുമ്പോഴും സർക്കാർ തുടരുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തൈക്കാട് ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം ആരോഗ്യകേരളത്തിന് അപമാനമാണെന്ന് വി.മുരളീധരൻ ഫേസ് ബുക്കിൽ കുറിച്ചു.

ഗർഭാവസ്ഥയിൽ മരിച്ച ശിശു 'ഉറങ്ങുകയാണ് ' എന്ന് പറഞ്ഞ തൈക്കാട് ആശുപത്രിയിലെ ഡോക്ടർമാർക്ക് 'നല്ല നമസ്‌ക്കാരം' എന്ന് മന്ത്രി പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് കത്രിക കൂട്ടി തുന്നിക്കെട്ടിയും കൈവിരലിന് ശസ്ത്രക്രിയക്കെത്തിയാൽ നാവിന് നടത്തിയും കേരളത്തിലെ സർക്കാർ ആശുപത്രികൾ രാജ്യത്തിന് മുന്നിൽ പരിഹാസ്യരാവുകയാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള രോഗികളുടെ ജീവനാണ് ഇത്തരത്തിൽ പന്താടപ്പെടുന്നത്.

മഞ്ഞപ്പിത്തവും മറ്റ് പകർച്ചവ്യാധികളും അപകടകരമായി പടർന്നു പിടിക്കുന്നു. മുഖ്യമന്ത്രിക്ക് പനി വന്നാലും ചികിൽസിക്കാൻ അമേരിക്കയിൽ പോവാം. പക്ഷേ നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ പോലും പോവാൻ നിവൃത്തിയില്ലാത്ത പാവങ്ങൾ എന്തുചെയ്യണമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

കോവിഡ്കാലത്ത് വേണ്ടതും വേണ്ടാത്തതും പറഞ്ഞ് എല്ലാ ദിവസവും ഒരു മണിക്കൂർ മലയാളിയെ ഉപദേശിച്ച പിണറായി എവിടെപ്പോയെന്നും വി.മുരളീധരൻ ചോദിച്ചു.