ഇടുക്കി: പശുവിനെ മാറ്റിക്കെട്ടാനായി പോയ മുത്തശ്ശിക്കൊപ്പം പറമ്പിലൂടെ നടന്ന നാലു വയസ്സുകാരൻ കുളത്തിൽ വീണുമരിച്ചു. ക്കവേ പൂമാലയിൽ കൂവക്കണ്ടം മുണ്ടാട്ടുചുണ്ടയിൽ വൈഷ്ണവിന്റെയും ഷാലുവിന്റെയും മകൻ ധീരവാണ് മരിച്ചത്. ഇന്നലെ രാവില 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. മുത്തശ്ശി പശുവിനെ മാറ്റിക്കെട്ടുന്നതിനിടയിൽ കുഞ്ഞിനെ കാണാതാവുക ആയിരുന്നു. ഉടൻ തന്നെ കുഞ്ഞിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഹൈദരാബാദിൽ നഴ്‌സായി ജോലി ചെയ്യുന്ന അമ്മ ഷാലുവിന്റെ മാതാപിതാക്കളായ മുണ്ടാട്ടുചുണ്ടയിൽ ഷാജിയുടെയും ജാൻസിയുടെയും ഒപ്പമാണ് ധീരവ് താമസിച്ചിരുന്നത്. രാവിലെ 11.30നു പശുവിനെ മാറ്റിക്കെട്ടാനായി പോയ മുത്തശ്ശിയുടെ പിന്നാലെ എത്തിയ ധീരവ് അബദ്ധത്തിൽ അയൽവാസിയുടെ കുളത്തിൽ വീഴുകയായിരുന്നു. കുളക്കരയിൽ കുട്ടിയുടെ ചെരിപ്പ് കണ്ടതോടെ കുളത്തിൽ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്.