അടൂർ: അരളിപ്പൂവ് കഴിക്കരുതെന്ന് കവറിൽ മുന്നറിയിപ്പ് സന്ദേശവുമായി പൂക്കച്ചവടക്കാർ. പൂവ് നിറച്ച കവറിന് പുറത്ത് 'അരളിപ്പൂ കഴിക്കരുത് ' എന്ന് എഴുതിവെക്കുകയാണ് പലകച്ചവടക്കാരും. പൂവ് വാങ്ങാൻ വരുന്നവർ അരളിപ്പൂവ് വിഷമാണോ, ഇത് എവിടെനിന്ന് വരുന്നു തുടങ്ങിയ ചോദ്യങ്ങളുന്നയിക്കുന്ന സാഹചര്യത്തിലാണിത്. അരളിപ്പൂവ് വിഷമാണെന്ന വാർത്ത പരന്നതോടെ വിൽപ്പനയിൽ വൻ കുറവാണ് രേഖപ്പെടുത്തുന്നത്.

തിരുവിതാംകൂർ, മലബാർ ദേവസ്വം ബോർഡുകൾ അരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങളിലെ പായസം, പഞ്ചാമൃതം ഉൾപ്പെടെയുള്ള നിവേദ്യങ്ങൾ പൂജിക്കുന്നതിൽനിന്ന് അരളിപ്പൂവ് ഒഴിവാക്കാനും മറ്റ് പൂജകൾകൾക്ക് മാത്രം ഉപയോഗിക്കാനും തീരുമാനിച്ചിരുന്നു. വിഷമാണെന്ന വാർത്തകൾ പരക്കുന്നതിന് മുന്നേവരെ പൂജാ കാര്യങ്ങളിൽ അരളിപ്പൂവിന് വൻ ഡിമാൻഡ് ആയിരുന്നു.

ആഴ്ചയിൽ മുപ്പത് കിലോയും അതിന് പുറത്തും അരളിപ്പൂ വിറ്റുകൊണ്ടിരുന്ന കടകളിൽ ഇപ്പോൾ വലിയ കുറവാണ് വന്നിരിക്കുന്നത്. രണ്ടുകിലോ തികച്ച് പോയെങ്കിലായി. തെങ്കാശി, ശങ്കരമംഗലം, കോയമ്പത്തൂർ ഭാഗങ്ങളിൽനിന്നാണ് അരളിപ്പൂ കേരളത്തിലേക്ക് എത്തുന്നത്. മെയ് ആദ്യവാരം ഹരിപ്പാട്ട് അരളിപ്പൂവ് ഉള്ളിൽച്ചെന്ന് യുവതി മരിച്ചിരുന്നു. അടൂർ ഭാഗത്ത് ഒരു കറവപ്പശുവും കുട്ടിയും ചത്തു. ഈ രണ്ട് സംഭവങ്ങൾക്കുശേഷമാണ് കേരളത്തിൽ പൊതുവേ അരളിപ്പൂ കച്ചവടത്തിൽ ഭീമമായ കുറവ് വന്നത്.