- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒൻപതിൽ പഠനം നിർത്തിയ പ്രകാശന്റെ കവിത ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ
കാസർകോട്: കൂടെ പഠിച്ചവരെല്ലാം ഒൻപതാം ക്ലാസിൽ നിന്നും പത്താം ക്ലാസിലേക്കു പോയപ്പോൾ അച്ഛന്റെ കൈപിടിച്ചു പ്രകാശൻ പോയതാവട്ടെ കമുകിൻ തോട്ടത്തിലേക്ക്. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ നാട്ടിലെ കമുകിൻതോട്ടങ്ങളിൽ അടയ്ക്ക പെറുക്കുന്ന ജോലിയിലേക്ക് തന്റെ 14-ാം വയസ്സിൽ പ്രകാശൻ കടന്നു. പഠിക്കണമെന്ന് ഏറെ ആഗ്രഹം ഉണ്ടായിട്ടും ജീവിത പ്രാരാബ്ദം അതിന് സമ്മതിച്ചില്ല. അന്നുമുതൽ ഇന്നുവരെ കൂലിപ്പണിയാണ് വരുമാനമാർഗം.
എന്നാൽ, താൻ എഴുതിയ കവിത ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ അച്ചടിച്ചു വന്നതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്. ബളാൽ അത്തിക്കടവിലെ ശങ്കരൻ- കുമ്പ ദമ്പതികളുടെ മകനായ പ്രകാശന്റെ 'കാട് ആരത്?' എന്ന കവിതയാണ് ഇത്തവണത്തെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ മലയാളം പാഠപുസ്തകത്തിൽ പഠിക്കാൻ ഒരുങ്ങുന്നത്.
ആറാം ക്ലാസിൽ 'ഓമനത്തിങ്കൾക്കിടാവോ...' എന്ന വരികൾ അദ്ധ്യാപകൻ ഈണത്തോടെ ആലപിക്കുന്നതു കേട്ടതാണ് കവിതകളോട് ഇഷ്ടം കൂടാൻ കാരണം. അന്നുമുതൽ വായന ശീലമാക്കിയെന്ന് പ്രകാശൻ പറയുന്നു. മലവേട്ടുവ സമുദായത്തിൽപെട്ട പ്രകാശൻ (32) ഗോത്രഭാഷയിലാണു കവിതകളെഴുതുന്നത്. ഗോത്രകവിതകൾ എന്ന സമാഹാരത്തിലെ പ്രകാശന്റെ അഞ്ച് കവിതകളിലൊന്നാണ് പാഠപുസ്തക പരിഷ്‌കരണസമിതി തിരഞ്ഞെടുത്തത്. ഈ സമാഹാരം ഇംഗ്ലിഷിലേക്കും തമിഴിലേക്കും മൊഴിമാറ്റിയിട്ടുണ്ട്.
പാഠപുസ്തകത്തിലെ പ്രകാശന്റെ കവിതയ്ക്ക് അടുത്ത പേജിൽ മലയാള പരിഭാഷയും നൽകിയിട്ടുണ്ട്. 'ഒച്ചയൊച്ച കല്ലുകളെ' എന്ന കവിതാസമാഹാരം കഴിഞ്ഞവർഷം പുറത്തിറങ്ങി. പ്രകാശ് ചെന്തളമെന്ന പേരിൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതാറുണ്ട്. പ്രകാശനെഴുതിയ ഒട്ടേറെ നാടൻപാട്ടുകൾ ആൽബങ്ങളായിട്ടുണ്ട്. കോട്ടയത്ത് ചിത്രീകരണം പുരോഗമിക്കുന്ന പേരിടാത്ത സിനിമയ്ക്കായി 3 ഗാനങ്ങളും രചിച്ചു. ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തി. അവിവാഹിതനാണ്. സഹോദരി പ്രസന്ന.