കോട്ടയം: സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് ഇടനിലക്കാരൻ മുഖേന 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ വില്ലേജ് അസിസ്റ്റന്റിന് മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും. മൂന്നിലവ് വില്ലേജ് അസിസ്റ്റന്റ് ടി.റെജിയെ ആണ് കോട്ടയം വിജിലൻസ് കോടതി ജഡ്ജി എം.മനോജ് ശിക്ഷിച്ചത്. 2020 ഓഗസ്റ്റ് 17-നാണ് മൂന്നിലവ് സ്വദേശിനി, മിനി ശിവരാമൻനായരിൽനിന്ന് കൈക്കൂലി വാങ്ങിയത്.

രണ്ടുലക്ഷംരൂപയാണ് ആവശ്യപ്പെട്ടത്. കോട്ടയം വിജിലൻസ് ഡിവൈ.എസ്‌പി.യെ അറിയിച്ചതിനെത്തുടർന്ന് നടത്തിയ നീക്കത്തിൽ 50,000 രൂപ കൈമാറി. മിനിയുടെ അമ്മയുടെ പേരിലുള്ള സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായിരുന്നു ഇത്. മിനിയുടെ സഹോദരൻ സ്വത്തിനുവേണ്ടി അമ്മയെ കൊലപ്പെടുത്തിയതാണ്. തുടർന്ന് കോടതി ഉത്തരവുപ്രകാരം മിനിക്ക് ലഭിച്ചതാണ് അമ്മയുടെ പേരിലുള്ള വസ്തു.

ഡിവൈ.എസ്‌പി. കെ.എ.വിദ്യാധരനാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ.ശ്രീകാന്ത് ഹാജരായി.