പാലാ: ഈ വർഷത്തെ നാലമ്പല ദർശന തീർത്ഥാടനത്തിന് കേരളത്തിലെ വിവിധ ഡിപ്പോകളിൽനിന്ന് 150 സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി. തീരുമാനിച്ചു. ജൂലായ് 16 മുതലാണ് രാമപുരത്തെ നാലമ്പല ദർശനത്തിന് തുടക്കമാകുന്നത്. കഴിഞ്ഞവർഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്നായി 70-ൽപരം സർവീസുകളാണ് നടത്തിയത്.

ഈ വർഷം വടക്കൻ ജില്ലകളിൽനിന്നും സർവീസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷത്തെ കെ.എസ്.ആർ.ടി.സി.യുടെ നാലമ്പല സർവീസുകളുടെ അവലോകനയോഗം പാലാ ഡിപ്പോയിൽ നടന്നു. ഉദ്യോഗസ്ഥരും നാലമ്പല ദർശന ഭാരവാഹികളും പങ്കെടുത്തു. സെൻട്രൽ സോൺ ചീഫ് ട്രാഫിക് ഓഫീസർ എ.രാധാകൃഷ്ണൻ, കോട്ടയം ഡി.ടി.ഒ. പി.അനിൽകുമാർ, എ.ടി.ഒ. വി.അശോക് കുമാർ, ബജറ്റ് ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ ആർ.സുനിൽകുമാർ, ജില്ലാ കോ-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം, നാലമ്പല ഭാരവാഹികളായ പി.ആർ.രാമൻ നമ്പൂതിരി, അഡ്വ. എ.ആർ.ബുദ്ധൻ, സോമനാഥൻ നായർ അക്ഷയ തുടങ്ങിയവർ പങ്കെടുത്തു.