തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 37 വീടുകൾ പൂർണമായും 302 വീടുകൾ ഭാഗികമായും തകർന്നു. വീടുകളിലും മറ്റും വെള്ളം കയറിയതോടെ നാല് ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരത്ത് മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി പത്ത് കുടുംബങ്ങളെയും കോഴിക്കോട്ട് രണ്ട് ക്യാമ്പുകളിലായി 12 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. കോട്ടയം, കോഴിക്കോട് ജില്ലകളിലും ഓരോ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മലപ്പുറത്ത് ഒമ്പത് കുടുംബങ്ങളും കോട്ടയത്ത് ഒരു കുടുംബവുമാണ് ക്യാമ്പിലുള്ളത്.

സംസ്ഥാനത്ത് 72 വില്ലേജുകളിലാണ് വെള്ളപ്പൊക്കഭീഷണി നിലവിലുള്ളത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായി മഴക്കെടുതിയിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരാളും പാലക്കാട്ട് രണ്ടുപേരുമാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏപ്രിൽ ഒന്നുമുതൽ മെയ്‌ 21 വരെ വന്യജീവി ആക്രമണം, ഇടിമിന്നൽ തുടങ്ങി വിവിധ പ്രകൃതി ദുരന്തങ്ങൾ നിമിത്തം 15 പേർക്ക് സംസ്ഥാനത്ത് ജീവൻ നഷ്ടമായിട്ടുണ്ട്. ഇതിൽ നാല് പേർ മുങ്ങിയും മൂന്നുപേർ ഇടിമിന്നലേറ്റുമാണ് മരിച്ചത്. സൂര്യാഘാതം മൂലമുള്ള മൂന്നുമരണവും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിരുന്നു.