തിരൂരങ്ങാടി: വീട്ടിൽ നടന്ന മോഷണക്കേസിൽ മകളും ഭർത്താവും അറസ്റ്റിൽ. തെന്നല മുച്ചിത്തറ കുന്നത്തേടത്ത് നബീസുവിന്റെ വീട്ടിലെ മോഷണത്തിലാണ് ട്വിസ്റ്റ്. കേസിൽ നബീസുവിന്റെ മകൾ സബീറ (35), ഭർത്താവ് കോഴിച്ചെന പുനത്തിൽ അബ്ദുൽ ലത്തീഫ് (33) എന്നിവരെയാണ് തിരുരങ്ങാടി സിഐ കെ.ടി ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റം സമ്മതിച്ചു. മോഷണ മുതലും കിട്ടി.

കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. നബീസുവിന്റെ പേരക്കുട്ടിയുടെ വളയും മാലയുമടക്കം രണ്ടേ കാൽ പവൻ സ്വർണവും മൊബൈൽ ഫോണും രണ്ടായിരം രൂപയുമാണ് മോഷണം പോയത്. മാല നബീസുവിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന്റെ അടിയിൽനിന്നും പൊലീസ് കണ്ടടുത്തു. വള മറ്റൊരാളുടെ കൈയിൽ വിൽക്കാൻ കൊടുക്കുകയും ചെയ്തു. സബീറയും അബ്ദുൽ ലത്തീഫും വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയത്.

സബീറ ഈ വീട്ടിൽ തന്നെയാണ് താമസം. നാലുദിവസം മുമ്പാണ് നബീസുവിന്റെ പേരമകൾ വീട്ടിൽ വിരുന്നുവന്നത്. മോഷണ ദിവസം നബീസു വീട്ടിലുണ്ടായിരുന്നില്ല. രാത്രി വീട്ടിലെത്തിയ അബ്ദുൽ ലത്തീഫിന് സബീറ വാതിൽ തുറന്നുകൊടുക്കുകയായിരുന്നു. മോഷണം നടത്തി രക്ഷപ്പെട്ടു. പൂട്ടു പൊളിക്കാതെ എങ്ങനെ മോഷണം നടന്നുവെന്ന ചിന്തയാണ് നിർണ്ണായകമായത്. വീട്ടുകാരേയും ചോദ്യം ചെയ്തു. സബീറയെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാനം കോട്ടയ്ക്കൽ വച്ച് അബ്ദുൽ ലത്തീഫ് പിടിയിലായി. ലത്തീഫ് ഗൾഫിലാണെന്നാണ് നാട്ടുകാരെയും കുടുംബത്തെയും ധരിപ്പിച്ചിരുന്നത്.

എന്നാൽ കോട്ടയ്ക്കൽ ടൗണിലെ കടവരാന്തകളിലായിരുന്നുവത്രെ ഇയാൾ അന്തിയുറങ്ങിയിരുന്നത്. സബീറയും അബ്ദുൽലത്തീഫും സഹോദരിമാരുടെ മക്കളാണ്. ഇയാളുടെ പേരിൽ വേറെയും മോഷണക്കേസുകളുള്ളതായി പൊലീസ് പറഞ്ഞു.