തിരുവനന്തപുരം: മലപ്പുറത്ത് പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ പ്രതിഷേധങ്ങൾ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നാം അലോട്ട്‌മെന്റ് കഴിയുമ്പോൾ രാഷ്ട്രീയക്കളി അവസാനിക്കുമെന്നും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ സ്‌കൂളുകളിൽ ശുചീകരണ ദിനം സംസ്ഥാനതലത്തിൽ ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം കരമന സർക്കാർ സ്‌കൂളിലായിരുന്നു ശുചീകരണ ദിനം സംസ്ഥാനതല ഉദ്ഘാടനം നടന്നത്. സ്‌കൂൾ പ്രവേശനോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി അറിയിച്ചു. പാഠപുസ്തകങ്ങൾ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് വിതരണം പൂർത്തിയാക്കും. ലഹരിക്കെതിരെ ശക്തമായ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പ്രസംഗത്തിൽ പറഞ്ഞു.