കോഴിക്കോട്: കോഴിക്കോട് കട വരാന്തയിൽ യുവാവ് ഷോക്കേറ്റു മരിച്ച കേസ് പൊലീസ് നീക്കം നടത്തുന്നുവെന്ന് ആക്ഷൻ കമ്മിറ്റി. കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹി ദിനേശ് പെരുമണ്ണ ആവശ്യപ്പെട്ടു. സംഭവം സ്വാഭാവിക മരണമാക്കി മാറ്റാനാണ് പൊലീസ് നീക്കം. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും മാറ്റിനിർത്തി അന്വേഷണം നടത്തണം. ഈ ആവശ്യമുന്നയിച്ച് ഈ മാസം 30ന് കോഴിക്കോട് വൈദ്യുത ഭവനിലേക്ക് മാർച്ച് നടത്തുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഈ മാസം 19ന് അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. 19കാരനായ റിജാസ് രാത്രി വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ സ്‌കൂട്ടർ കേടായതിനെതുടർന്ന് വാഹനം കട വരാന്തയിലേക്ക് കയറ്റിവെച്ച് സഹോദരനെ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റത്. സ്ഥലത്തെത്തിയ സഹോദരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തൂണിൽ നേരത്തെ വൈദ്യുതി പ്രവാഹം ഉണ്ടെന്നും കെഎസ്ഇബിയിൽ പറഞ്ഞിട്ടും നടപടി എടുത്തില്ല എന്നുമാണ് കട ഉടമയുടെ ആരോപണം. മരണത്തിന് ഉത്തരവാദി കെഎസ്ഇബി ഉദ്യോഗസ്ഥരാണ് എന്ന് റിജാസിന്റെ ബന്ധുക്കളുടെ ആരോപണം. സംഭവത്തിന് പിന്നാലെ കടയുടെ വൈദുതി ബന്ധം വിച്ഛേദിച്ചതല്ലാതെ ഉദ്യോഗസ്ഥർ ഒന്നും ചെയ്തിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

അതേസമയം മരിച്ച മുഹമ്മദ് റിജാസ് കയറിനിന്ന കടയിലെ വയറിങ്ങിലും, അതുപോലെ സർവീസ് വയറിലും ചോർച്ചയുണ്ടായിരുന്നു എന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തൽ. നല്ല മഴ പെയ്തുകൊണ്ടിരിക്കെയാണ് റിജാസ് കടവരാന്തയിൽ കയറി നിന്നത്. ഈ സമയത്ത് മുകളിലെ മരച്ചില്ലകളിൽ അമർന്ന് സർവീസ് വയർ കടയുടെ തകരഷീറ്റിൽ തട്ടിയെന്നാണ് അനുമാനിക്കുന്നത്. ഇതുവഴി കറണ്ട് തൂണിലുമെത്തിയതാകാം. അതുപോലെ തന്നെ കടയിൽ വയറിങ്ങിൽ പ്രശ്‌നമുള്ളതിനാൽ രാത്രി പ്രവർത്തിച്ച ബൾബിന്റെ വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാമെന്നും കെഎസ്ഇബി സംശയിക്കുന്നുണ്ട്.