വയനാട്: കാട്ടാന തെങ്ങ് നശിപ്പിക്കുന്നത് തടയാൻ തെങ്ങിന് ചുറ്റും മുള്ളുവേലി കെട്ടി വയനാട്ടിലെ കർഷകൻ. വയനാട് സുൽത്താൻ ബത്തേരി വടക്കനാട് അപ്പുക്കുട്ടനാണ് പുരയിടത്തിലെ തെങ്ങിന് ചുറ്റും ഏഴടി പൊക്കത്തിൽ മുള്ളുവേലി കെട്ടിയത്. ആനയുടെ കുത്തേറ്റ് തെങ്ങ് നശിക്കാതിരിക്കാനും തെങ്ങ് വീണ് വീടിന് കേടുപാടുകൾ ഉണ്ടാവാതിരിക്കാനുമാണ് ഇങ്ങനെ ഒരു മാർഗം പരീക്ഷിച്ചതെന്ന് അപ്പുക്കുട്ടൻ പറയുന്നു.

കാട്ടാന കൃഷിഭൂമിയിലെത്തി തെങ്ങുകൾ നശിപ്പിക്കുന്നത് സ്ഥിരമായതോടെയാണ് അപ്പുക്കുട്ടൻ പുതിയ പരീക്ഷണം നടത്തിയത്. രണ്ടേക്കർ കൃഷി ഭൂമിയാണ് അപ്പുക്കുട്ടനുള്ളത് ഇതിൽ 85 തെങ്ങുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചാറ് വർഷംകൊണ്ട് ഇതിൽ 50 തെങ്ങുകൾ ആന കുത്തി മറിച്ച് നശിപ്പിച്ചു. ബാക്കിയുള്ള 35 തെങ്ങെങ്കിലും സംരക്ഷിക്കാൻ എന്താണ് വഴി എന്ന ആലോചനയിലാണ് മുള്ളുവേലി എന്ന ആശയം തോന്നിയത്. രാത്രി പത്തുമണിയോടെ കാട്ടാന വീടിന്റെ പരിസരത്തെത്തുന്നത് പതിവാണെന്ന് അപ്പുക്കുട്ടൻ പറയുന്നു.

ആദ്യ പടിയായി വീടിന് ചുറ്റുമുള്ള 12 തെങ്ങിനാണ് മുള്ളുവേലി കെട്ടിയത്. മുള്ളുവേലി കെട്ടിയിട്ട് ഇപ്പോൾ ഒന്നര ആഴ്ചയായി. അതിനുശേഷവും ആനക്കൂട്ടം വന്നെങ്കിലും തെങ്ങ് നശിപ്പിച്ചിട്ടില്ലെന്നാണ് അപ്പുക്കുട്ടൻ പറയുന്നത്.

ആണിയും മുള്ളും കൊള്ളുമ്പോൾ ആന തിരിഞ്ഞ് പോകുന്നതാവാം കാരണമെന്നാണ് അപ്പുക്കുട്ടന്റെ നിഗമനം. കുറച്ചുദിവസം കൂടി നിരീക്ഷിച്ച ശേഷം ബാക്കി തെങ്ങിനുംകൂടി മുള്ളുവേലി കെട്ടാനാണ് അപ്പുക്കുട്ടന്റെ തീരുമാനം. ഏഴടി പൊക്കത്തിൽ വേലി കെട്ടാൻ തെങ്ങൊന്നിന് അഞ്ചുകിലോ കമ്പിയെങ്കിലും വേണം. 800 രൂപയോളം കമ്പിക്ക് ചെലവായി. സഹായത്തിന് ഒരു പണിക്കാരനെ കൂടി കൂട്ടിയാണ് തെങ്ങിൽ മുള്ളുവേലി ചുറ്റിയത്.

ഏഴടി പൊക്കത്തിൽ വേലി കെട്ടിയതിനാൽ ഇനി എട്ടടി പൊക്കമുള്ള ഏണി വെച്ച് വേണം തെങ്ങിൽ കയറി തേങ്ങയിടാൻ. നിലവിലെ പരീക്ഷണം വിജയിച്ചാൽ തെങ്ങിൽ കയറാനുള്ള ആവശ്യത്തിന് എടുത്തുമാറ്റാൻ പറ്റുന്ന രീതിയിൽ രണ്ട് സെന്റിമീറ്റർ സർക്കിൾ മുള്ളുവേലി ഉപയോഗിച്ച് കൂട്ടി കെട്ടുന്നതിനെ കുറിച്ചും അപ്പുക്കുട്ടൻ ആലോചിക്കുന്നുണ്ട്.