- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ്‌പി സ്ഥാനാർത്ഥിയെ പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് അഖിലേഷ് യാദവ്
ലഖ്‌നോ: സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയെ യു.പി പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് അഖിലേഷ് യാദവ്. സ്ഥാനാർത്ഥിയായ ലാൽജി വർമ്മയുടെ വീട്ടിലേക്ക് മതിൽചാടിക്കടന്ന് എത്തിയ പൊലീസ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയായിരുന്നുവെന്ന് അഖിലേഷ് ആരോപിച്ചു. സംഭവത്തിന്റെ വിഡിയോയും അഖിലേഷ് യാദവ് പങ്കുവെച്ചിട്ടുണ്ട്.
ബിജെപിക്ക് പരാജയഭീതിയുണ്ടെന്നതിന്റെ ഏറ്റവും നല്ല തെളിവാണ് സംഭവമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. എസ്‌പിയുടെ സത്യസന്ധനായ സ്ഥാനാർത്ഥിയുടെ പ്രതിഛായ തകർക്കാനാണ് ശ്രമമെന്നും പൊലീസും ലാൽജി വർമ്മയും തമ്മിൽ തർക്കിക്കുന്നതിന്റെ വിഡിയോ പുറത്ത് വിട്ട് അഖിലേഷ് യാദവ് പറഞ്ഞു.
ലാൽജി വർമ്മയും വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. അപലപനീയമായ സംഭവമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. പൊലീസ് റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് എസ്‌പി പരാതി നൽകി.
അതേസമയം, പൊലീസ് തന്നെ പീഡിപ്പിക്കുകയാണെന്ന് ലാൽജി വർമ്മ പറഞ്ഞു. ഒരു തരത്തിലുള്ള പീഡനവും പിന്നാക്കക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കില്ല. തനിക്കെതിരായ പൊലീസ് നടപടിക്ക് ജനം വോട്ടിലൂടെ മറുപടി നൽകും. നിരവധി പേരാണ് രാവിലെ മുതൽ തന്നെ പിന്തുണച്ച് രംഗത്തെത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.