തിരുവനന്തപുരം: ലോക കേരള സഭ യുഡിഎഫ് ബഹിഷ്‌കരിച്ചതുകൊണ്ട് ഒരു കുഴപ്പവും വരില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോകത്ത് ഇതുപോലെ മാതൃകാപരമായ ഒരു കൂട്ടായ്മ ഇല്ലെന്നും നല്ല നിലയിൽ മുന്നോട്ടു പോകുമെന്നും ബഹിഷ്‌കരിച്ചവർ ബഹിഷ്‌കൃതരായെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളോടുള്ള കരുതൽ ഇടതു പക്ഷത്തിനു കുറയുന്നില്ലെന്നും പ്രവാസികളെ ശക്തിപ്പെടുത്താൻ ഉള്ള നടപടികൾ സ്വീകരിക്കും എന്നും എം വി ഗോവിന്ദൻ കൂട്ടിചേർത്തു.

അതേ സമയം, പ്രവാസിക്ഷേമം എന്ന വ്യാജേന കോടിക്കണക്കിന് രൂപ ധൂർത്തടിക്കുന്ന ലോകകേരള സഭയിൽ യുഡിഎഫ് നേതാക്കൾ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതായി യേഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ എംഎം ഹസൻ വ്യക്തമാക്കി. എന്നാൽ പ്രവാസികൾക്ക് അവരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ യുഡിഎഫിന്റെ പ്രവാസി സംഘടനാ പ്രതിനിധികൾക്ക് ലോകകേരള സഭയിൽ പങ്കെടുക്കാം.