കണ്ണൂർ: ഒഡീഷയിലെ കേന്ദ്രപാറ ജില്ലാ ആശുപത്രിയിൽ നിന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു വരവെ രോഗി മരിച്ചു. സ്‌നേഹത്തോടെ പരിചരിച്ച ഡോക്ടർമാരെയും മരുന്നും ചീട്ടും സൗജന്യമായി നൽകി സഹായിച്ച ആശുപത്രിയെയും ഓർത്തപ്പോഴാണ് കിലോമീറ്ററുകൾ താണ്ടി ഒഡീഷയിൽ നിന്നും ശകുന്തളാ ബെഹ്‌റയെ കേരളത്തിലെത്തിക്കാൻ മക്കൾ തീരുമാനിച്ചത്.

ഒഡീഷയിൽ നിന്നും കണ്ണൂരിലെത്താൻ ഗൂഗിൾ മാപ്പിൽ കാണുന്നത് മൂന്നു വഴികളാണ്. കുറഞ്ഞ ദൂരം 1832 കിലോമീറ്റർ, ഓടേണ്ട സമയം 33 മണിക്കൂർ! എന്നിട്ടും കുടുംബാംഗങ്ങൾ ശകുന്തള ബെഹ്‌റയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കാൻ തീരുമാനിക്കുക ആയിരുന്നു. ആ ആശുപത്രിയോടുള്ള വിശ്വാസമാണ് മക്കളെ വയ്യാത്ത അമ്മയെ കണ്ണൂരിലെത്തിക്കാൻ പ്രേരിപ്പിച്ചത്. ചുമച്ച് രക്തം ഛർദിച്ചു തുടങ്ങിയ 62 വയസ്സുകാരിയെ കഴിഞ്ഞ ദിവസമാണ് ഒഡീഷയിലെ ജില്ലാ ആശുപത്രിയിൽ മക്കൾ എത്തിച്ചത്. അവിടുത്തെ ഡോക്ടർമാർ പരിശോധിച്ച ശേഷം ഒരാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു.

എന്നാൽ ഒഡീഷയിലെ ജില്ലാ ആശുപത്രിയിൽ ശകുന്തളയുടെ രണ്ടു പെൺമക്കൾക്കും അവരുടെ ഭർത്താക്കന്മാർക്കും ഒട്ടും വിശ്വാസമുണ്ടായിരുന്നില്ല. 20 വർഷമായി കണ്ണൂർ ജില്ലയിലെ പൊയ്ത്തുംകടവിൽ താമസിച്ച് പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്യുകയാണ് ശകുന്തളയുടെ മകൾ ജ്യോത്സ്‌ന റാണിയും ഭർത്താവ് ദിഗംബർ ബെഹ്‌റയും. ഇവരുടെ കുടുംബത്തിൽ ആർക്കെങ്കിലും രോഗം വരുമ്പോൾ ഓടിയെത്താറുള്ളത് ജില്ലാ ആശുപത്രിയിലേക്കാണ്. കുടുംബാംഗങ്ങൾക്കെല്ലാം സ്‌നേഹപൂർണമായ പരിചരണവും സൗജന്യമായി മരുന്നും ലഭിക്കാറുള്ള ആശുപത്രിയിൽ എത്തിയാൽ രോഗം ഭേദപ്പെടുമെന്ന ഉറപ്പായിരുന്നു ഇവർക്കെല്ലാം.

പ്രതീക്ഷയോടെ ബുധനാഴ്ച രാത്രി ആംബുലൻസ് വിളിച്ച് യാത്ര തുടങ്ങി. ആന്ധ്രയും തമിഴ്‌നാടും കടക്കുമ്പോഴേക്കും രണ്ടു ദിവസം പിന്നിട്ടു. വെള്ളിയാഴ്ച രാത്രിയോടെ ശകുന്തളയുടെ ആരോഗ്യനില വഷളായി. വഴിയിൽ ഏതെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള പണവും കയ്യിലുണ്ടായിരുന്നില്ല. എത്രയും പെട്ടെന്ന് കണ്ണൂരിലെത്തിയാൽ ജീവൻ രക്ഷിക്കാമെന്ന പ്രതീക്ഷയിൽ ആംബുലൻസ് കുതിച്ചു. അതിനിടെ എപ്പോഴോ ശകുന്തളയുടെ ഹൃദയമിടിപ്പ് നിലച്ചു. ഇന്നലെ രാവിലെ പത്തരയോടെ ജില്ലാ ആശുപത്രിയിലെത്തുമ്പോഴേക്കും ശരീരം തണുത്തുറഞ്ഞിരുന്നു.