കലഞ്ഞൂർ: കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ പോത്തുപാറയിൽ വീണ്ടും പുലിയിറങ്ങി. വാലുപാറയിൽ പുത്തൻവീട്ടിൽ സുനിൽകുമാറിന്റെ വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ വെള്ളിയാഴ്ച രാത്രിയിൽ കടിച്ചുകൊന്നു. രണ്ടുമാസം മുൻപും ഇതേ നായയുടെ കഴുത്തിൽ പുലി കടിച്ചിരുന്നു. അന്ന് വീട്ടുകാർ ബഹളംകൂട്ടിയപ്പോൾ പുലി ഓടിപ്പോകുകയായിരുന്നു.

വനത്തിന് നടുക്കാണ് പോത്തുപാറ. ജനവാസ മേഖലയുമാണ്. ഒരു വർഷത്തിനിടയിൽ നിരവധി തവണ ഇവിടെ പുലിയുടെ ആക്രമണം നടന്നിട്ടുണ്ട്. പാടം ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് റേഞ്ച് ഓഫീസർ അനിൽകുമാറും കോന്നിയിൽനിന്ന് സ്ട്രൈക്കിങ് ഫോഴ്സും എത്തി ഇവിടെ പുലിയെ കുടുക്കുന്നതിനുള്ള കൂട് സ്ഥാപിച്ചു. പോത്തുപാറയിൽ കൂടുതൽ പരിശോധനയും നിരീക്ഷണവും നടത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.